കെ ജയകുമാർ
തുലാമാസ പൂജക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ അരവണക്ഷാമം ഉണ്ടാകില്ല :കെ. ജയകുമാർ
തിരുവനന്തപുരം: തുലാമാസ പൂജക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ അരവണക്ഷാമം ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരാനിരിക്കുന്ന മണ്ഡലകാലത്തും ആവശ്യത്തിന് അരവണ ലഭ്യമാക്കും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
ശബരിമലയിലെ സ്വർണക്കീരീടം കാണാതായി എന്ന വാർത്തകൾ തെറ്റാണ്. 2012ൽ ഒരു ഭക്തൻ സമർപ്പിച്ച 55 പവന്‍റെ സ്വർണക്കീരീടം സന്നിധാനത്തിലെ സ്‌ട്രോങ് റൂമിലുണ്ട്.
തിരുവാഭരണ കമീഷണർ ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. സമാനമായ മറ്റൊരു വസ്തു ആറന്മുളയിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതാണ് തെറ്റിധാരണക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാന്‍റ് വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിലവിൽ പ്രതിദിനം 2.6 ലക്ഷം ടിൻ അരവണയാണ് ഉൽപാദിപ്പിക്കുന്നത്. പുതിയ പ്ലാന്‍റ് സജ്ജമാകുന്നതോടെ ഒരുലക്ഷം ടിൻ കൂടി ഉൽപാദിപ്പിക്കാൻ കഴിയും. അതോടെ പ്രതിദിന ഉൽപാദനം 3.6 ലക്ഷം ടിൻ ആയി ഉയരും. ഒക്ടോബർ പത്തോടെ പഴയ ഉത്പാദന ശേഷിയായ 2.6 ലക്ഷം ടിന്നിലേക്ക് ഉത്പാദനം തിരികെ എത്തും.
ഒക്ടോബർ 31ഓടെയാണ് പുതിയ പ്ലാന്‍റ് പ്രവർത്തനക്ഷമമാകുക. അന്ന് മുതൽ ദിവസവും 3.6 ലക്ഷം ടിന്നുകൾ ഉത്പാദിപ്പിക്കാൻ കഴിയും. തുലാമാസ പൂജക്ക് എട്ട് ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉണ്ടാകും. നട തുറക്കുന്ന നവംബർ 16ന് 75 ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉറപ്പാക്കുമെന്നും ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.