ശബരിമല നെയ്യ് വിൽപന ക്രമക്കേട്: വ്യക്തിപരമായി ക്രിമിനൽ നടപടി സാധ്യമല്ലെന്ന് വിജിലൻസ്
കൊച്ചി: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഉത്തരവാദിത്തം ആർക്കാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ വ്യക്തിപരമായി ആർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് വിജിലൻസ് ഹൈകോടതിയിൽ. ബോധപൂർവമായ തട്ടിപ്പിനേക്കാൾ അശ്രദ്ധയും മേൽനോട്ടക്കുറവാണ് നഷ്ടത്തിനിടയാക്കിയത്. 2025 നവംബർ 17 മുതൽ ഡിസംബർ 27 വരെ മണ്ഡലകാലയളവിൽ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ 17.14 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായതായാണ് വിജിലൻസ് പ്രത്യേക സംഘം കണ്ടെത്തിയത്.
43 ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വീഴ്ചയുണ്ടായി. എന്നാൽ, നെയ്യ് വിതരണത്തിന് നിയോഗിച്ച 39 ഉദ്യോഗസ്ഥരിൽ 20 പേർ 2025 നവംബറിൽ മാത്രം ജോലിയിൽ പ്രവേശിച്ചവരായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. ടെമ്പിൾ സ്പെഷൽ ഓഫിസറായി നിയമിച്ച മൂന്ന് പേരിൽ ഒരാൾക്ക് അഞ്ചുമാസത്തെ സർവിസ് മാത്രമാണുണ്ടായിരുന്നത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവരാണ് സ്ഥാനക്കയറ്റത്തിലൂടെ പിന്നീട് മാനേജീരിയൽ തസ്തികയിൽ പ്രവർത്തിക്കുന്നതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റാരോപിതരായ ജീവനക്കാർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും സാമ്പത്തിക നഷ്ടം ഈടാക്കാനുമുള്ള നടപടികൾക്ക് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി നൽകി. ത്പ്രസ
വർത്തനക്രമം (എസ്.ഒ.പി.) രൂപവത്കരിച്ച് ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയാൻ നടപടി സ്വീകരിക്കണമെന്നും മൂന്നാഴ്ചക്കകം എസ്.ഒ.പി രൂപവത്കരണം വേണമെന്നും കോടതി നിർദേശിച്ചു. ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ വിജിലൻസ് പ്രതി ചേർത്തിരുന്ന ദേവസ്വം ഉദ്യോഗസ്ഥരടക്കം 42 പേർക്കെതിരായ ക്രിമിനൽ നടപടി ഒഴിവാക്കാനും കോടതി അനുമതി നൽകി. ഹരജി വീണ്ടും ഒക്ടോബർ 23 ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.