കോഴിക്കോട്: മുന്നാക്ക സമുദായാംഗങ്ങൾക്ക് പശുവളർത്താനും ആടു വളർത്താനും 'തൂശനില' മിനി കഫേ നടത്താനും വായ്പ നൽകുന്ന പദ്ധതി സംബന്ധിച്ച പരസ്യത്തിലെ പരാമർശത്തിനെതിരെ സാമൂഹിക പ്രവർത്തകൻ സുദേഷ് എം. രഘു. മുന്നാക്ക സമുദായാംഗങ്ങൾ എന്നതിനു പകരം 'സംവരണേതര സമുദായാംഗങ്ങൾ' എന്നാണ് കഴിഞ്ഞ ദിവസം കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നത്. എന്നാൽ, ഇത് തെറ്റാണെന്നും മുന്നാക്ക സമുദായാംഗങ്ങൾക്ക് മാത്രമായി കേന്ദ്രത്തിലും സംസ്ഥാനത്തിലും സംവരണം നടപ്പാക്കിത്തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങൾക്കും ഇപ്പോൾ സംവരണമുണ്ട്. മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും സംവരണം ലഭിക്കാൻ ചില സാമ്പത്തിക, ക്രീമിലേയർ മാനദണ്ഡങ്ങളുണ്ടെന്നു മാത്രം -സുദേഷ് എം. രഘു ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ മുന്നാക്ക സമുദായാംഗങ്ങൾക്ക് പശുവളർത്താനും ആടു വളർത്താനും 'തൂശനില' മിനി കഫേ നടത്താനും വായ്പ നൽകുന്ന പദ്ധതിയെ സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം, കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഒരു പരസ്യം ചെയ്തിരുന്നു. പരസ്യത്തിൽ, മുന്നാക്ക സമുദായാംഗങ്ങൾ എന്നതിനു പകരം 'സംവരണേതര സമുദായാംഗങ്ങൾ' എന്നാണു പ്രയോഗിച്ചിട്ടുള്ളത്. ഈ ഡബ്ല്യൂ എസ് എന്ന പേരിൽ മുന്നാക്ക സമുദായാംഗങ്ങൾക്കു മാത്രമായി കേന്ദ്രത്തിലും സംസ്ഥാനത്തിലും സംവരണം നടപ്പാക്കിത്തുടങ്ങിയിട്ട് വർഷം 5 കഴിഞ്ഞു. അതോടെ സംവരണമില്ലാത്ത ആരും ഇല്ലെന്നായി. എല്ലാ സമുദായങ്ങൾക്കും സംവരണം ഉണ്ടിപ്പോൾ. മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും സംവരണം ലഭിക്കാൻ ചില സാമ്പത്തിക/ക്രീമിലേയർ മാനദണ്ഡങ്ങളുണ്ടെന്നു മാത്രം. അപ്പോൾപ്പിന്നെ, 'സംവരണേതര വിഭാഗം' എന്നു് മുന്നാക്ക സമുദായക്കാരെ വിശേഷിപ്പിക്കുന്നത് ഇപ്പോഴും മുന്നാക്കക്കാർക്ക് സംവരണമൊന്നുമില്ല എന്ന പൊതുബോധത്തെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുതന്നെയാവണം.
ഈ ഡബ്ല്യൂ എസ് സംവരണക്കാര്യത്തിൽ, തുടക്കം മുതലേ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും രാഷ്ട്രീയപ്പാർട്ടികളും ശ്രമിച്ചുപോന്നിട്ടുണ്ട്. ഈ ഡബ്ല്യൂ എസ്(Economically Weaker Section) അതായത് 'സാമ്പത്തിക ദുർബല വിഭാഗം' എന്ന പേരു തന്നെ, തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചു തയ്യാറാക്കിയതാണ്. ഇൻഡ്യയിലെ ഏറ്റവും സാമ്പത്തിക ദുർബല വിഭാഗം, പട്ടികവർഗക്കാരും പട്ടികജാതിക്കാരുമാണെന്ന് സർക്കാർ രേഖകൾ തന്നെ സ്ഥാപിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ ഓബീസീകളാണ് സാമ്പത്തികമായി ദുർബലർ. അതും കഴിഞ്ഞുമാത്രം വരുന്ന ചെറിയ ന്യൂനപക്ഷമാണ് സവർണരിലെ ദരിദ്രർ. ഈ ഡബ്ല്യൂ എസ് സംബന്ധമായ സുപ്രീംകോടതി വിധിയിൽ ജസ്റ്റിസ് രവീന്ദ്രഭട്ട് തന്നെ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ ഇടതു-വലതു മുന്നണികളും ബിജെപിയും, തങ്ങളുടെ അണികളായ പിന്നാക്കക്കാരെ പറഞ്ഞു പറ്റിക്കുന്നത്, മുന്നാക്ക വിഭാഗങ്ങളിൽ ധാരാളം "പാവപ്പെട്ടവരു"ണ്ടെന്നും ഈ സംവരണം "പാവപ്പെട്ടവർക്കുള്ള സംവരണ"മാണെന്നും ഈ ഡബ്ല്യൂ എസ് നടപ്പാക്കുന്നതുകൊണ്ട് "പിന്നാക്കക്കാർക്ക് ഒരു നഷ്ടവും വരില്ലെ"ന്നുമാണ്.
എന്താണ് ഇതിലെ വാസ്തവം????
മൂന്നു വ്യത്യസ്ത സമുദായങ്ങളിലെ കുട്ടികളുടെ കഥ, ചോതോഹരമായി പറഞ്ഞുകൊണ്ടു് ഈ ഡബ്ല്യൂഎസ് എന്ന സവർണസംവരത്തിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവരുന്ന സിനിമയാണ് പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത, 'ഒരുജാതി പിള്ളേരിഷ്ടാ' . ക്രൌഡ് ഫണ്ടിങ്ങിലൂടെ പൂർത്തിയാക്കിയ ഈ കൊച്ചു സിനിമ ആരംഭിച്ചത് ഇൻഡ്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദ് അങ്കണത്തിൽ വച്ചു് ഫണ്ട് സ്വീകരിച്ചുകൊണ്ടാണ്.സ്വിച്ചോൺ ചെയ്തത് ശിവഗിരിയിൽ വച്ച് മഠം അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികളാണ്. തൃശൂർ,എറണാകുളം,മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇതിനകം ഈ സിനിമയുടെ പ്രൈവറ്റ് ഷോകൾ നടത്തിക്കഴിഞ്ഞു. ഫെബ്രുവരി 26ന് തിരുവനന്തപുരത്താണ് അടുത്ത ഷോ.
ഈ സിനിമ കാണേണ്ടതും പ്രചരിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.