സബര്‍ബന്‍ റെയിലാണ് കെ-റെയിലിന് ബദൽ, വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യു.ഡി.എഫ് കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കെ-റെയില്‍ പദ്ധതിക്ക് രണ്ട് ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20,000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ-റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറി​ന്‍റെ കാലത്ത് 2007-08ലെ ബജറ്റില്‍ കെ-റെയിലിനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡി.എം.ആർ.സിയെ കസള്‍ട്ടന്‍റായി നിയമിക്കുകയും ചെയ്തു. അവര്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യു.ഡി.എഫ് സര്‍ക്കാറി​ന്‍റെ കാലത്താണ്. എന്നാല്‍, 1.27 കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യു.ഡി.എഫ് വേണ്ടെന്നു​വെച്ചു.

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങന്നൂര്‍ വരെയുള്ള 125 കി.മീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലെ ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിഴയ സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ.

ഇതോടെ നിലവിലെ ട്രെയിനുകളുടെ വേഗത വര്‍ധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ വേഗതയില്‍ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വെച്ച് 530 കി.മീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുപ്പ് കൂട്ടിയാല്‍ 300 ഏക്കറോളം സ്ഥലവും മതി. യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി റെയില്‍വെയുമായി ചേര്‍ന്ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2014ല്‍ കേന്ദ്രഭരണം മാറിയതോടെ അവരുടെ പിന്തുണ കുറഞ്ഞു.

പിണറായി സര്‍ക്കാറി​ന്‍റെ കാലത്താണ് അതിവേഗ റെയിലിലി​ന്‍റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നൽകിയത്. എന്നാല്‍ വി.എസ് സര്‍ക്കാറി​ന്‍റെ അതിവേഗ റെയിലും യു.ഡി.എഫ് സര്‍ക്കാരി​ന്‍റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ-റെയിലി​ന്‍റെ പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ വികസനത്തിനോ യു.ഡി.എഫ് ഒരിക്കലും എതിരല്ല. അതി​ന്‍റെ കുത്തകാവകാശം സി.പി.എമ്മിനാണ്. മാറിയ പരിസ്ഥിതിയില്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതി വരുകയും ബദല്‍ സാധ്യതകള്‍ തേടാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്ന് പ്രതിരോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    
News Summary - Suburban Rail is an alternative to K-Rail, needs 300 acres of land and Rs 10,000 crore: Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.