തിരുവനന്തപുരം: കേരള തീരത്തെ കടൽ മണൽഖനനം സമുദ്ര ആവാസ വ്യവസ്ഥ തകർക്കുമെന്ന് പഠനം. സമുദ്ര പരിസ്ഥിതി, ജൈവവൈവിധ്യം, തീരദേശ ഉപജീവനമാർഗം എന്നിവയിൽ കടൽ മണൽ ഖനനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിങ് ലാബ് (എം.എം.എൽ) ആണ് പഠനം നടത്തിയത്. ജലത്തിനടിയിലുള്ള ജൈവവൈവിധ്യ പഠനത്തിൽ കൊല്ലം തീരപ്രദേശത്തെ 40 മീറ്റർ ആഴം വരെയുള്ള സമുദ്രഭാഗം പാറപ്പാരുകളാൽ സമ്പന്നമാണെന്നും വംശനാശഭീഷണി നേരിടുന്ന പവിഴ ജീവികളുടെ വലിയ സാന്നിധ്യം പ്രദേശത്ത് ലഭ്യമാണെന്നും കണ്ടെത്തി.
കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ള മൃദുവായ പവിഴ ഇനങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൊല്ലം തീരത്താണ് കാണപ്പെടുന്നത്. ഈ പാറക്കെട്ടുകൾ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുമാണ്. വിവിധയിനം മത്സ്യങ്ങൾ, പവിഴജീവികൾ, സ്പോഞ്ചുകൾ, ആൽഗകൾ എന്നിവക്ക് തീറ്റയും അഭയകേന്ദ്രവുമായി ഈ മേഖലയിലെ പാറപ്പാരുകൾ പ്രവർത്തിക്കുന്നു. കൊല്ലത്തുനിന്ന് 40-100 മീറ്റർ ആഴം ലക്ഷ്യമാക്കിയുള്ള ഖനന പ്രവർത്തനങ്ങൾ പാറപ്പാരുകളുടെ ആവാസവ്യവസ്ഥയെ ദുർബലപ്പെടുത്തും.
പാറപ്പാരുകൾ സമുദ്ര ജൈവവൈവിധ്യം നിലനിർത്തുകയും മത്സ്യ ഉൽപാദനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്ന ഫീഡർ സംവിധാനമാണ്. ഇവയുടെ നാശം സമുദ്രജീവികൾക്കും അവയെ ആശ്രയിക്കുന്ന മത്സ്യബന്ധന സമൂഹങ്ങൾക്കും പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതുവഴി സമുദ്ര ആവാസവ്യവസ്ഥയിലെ പ്രാഥമിക ഉൽപാദകരായ സസ്യപ്ലവകങ്ങളുടെ ഉൽപാദനക്ഷമത, ജന്തുപ്ലവകങ്ങളുടെ അതിജീവനം എന്നിവക്ക് വെല്ലുവിളിയാകുന്നതിനൊപ്പം ഇവയെ ഭക്ഷണമാക്കി ജീവിക്കുന്ന മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളെയും ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനം എതിർപ്പറിയിച്ചിരുന്നു -മന്ത്രി
തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരെ സംസ്ഥാനം മൂന്ന് തവണ എതിർപ്പ് അറിയിച്ചിരുന്നതായി മന്ത്രി പി. രാജീവ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2025 ജനുവരി 11ന് കൊച്ചി റിനായ് ഹോട്ടലിൽ കേന്ദ്ര മൈനിങ് മന്ത്രാലയം ആദ്യമായി നടത്തിയ റോഡ് ഷോയിൽ തന്നെ കേരളത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സംസ്ഥാന നിലപാട് കേന്ദ്ര മൈൻസ് സെക്രട്ടറി കാന്തറാവുവിനെ അറിയിച്ചു. ഫെബ്രുവരി 13ന്, സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ച് മാത്രമേ, ധാതുപര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള ലേല നടപടികൾ ആരംഭിക്കാവൂവെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാറിന് വീണ്ടും കത്ത് നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.