രണ്ട് മാസം ആനുകൂല്യം നൽകിയാൽ കെ.എസ്.ആർ.ടി.സി ഉണ്ടാകില്ല- ഗണേഷ് കുമാർ

പത്തനാപുരം: യു.ഡി.എഫുകാർ പ്രഖ്യാപിച്ചതുപോലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ആനുകൂല്യം രണ്ട് മാസം നടപ്പിലാക്കിയാൽ പിന്നെ കെ.എസ്.ആർ.ടി.സി ഉണ്ടാകില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കെ.എസ്.ആർ. ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആർ.ടി.സി ലാഭത്തിൽ ആയിട്ടില്ല. ദൈനംദിന നഷ്ടം കുറക്കാനും ചെലവിനെക്കാൾ കൂടുതൽ വരവ് നേടാനും തുടങ്ങിയിട്ടേയുള്ളു. കോടികളുടെ കടങ്ങളും പല ബാധ്യതകളും ഇപ്പോഴുമുണ്ട്. പെൻഷൻകാർക്ക് പണം നൽകാനുണ്ട്. ബാധ്യതകൾ ധാരാളമുണ്ട്. ഇതെല്ലാം ഒരുവിധം തീർത്തും ഒന്നാം തീയതി ശമ്പളം നൽകിയും നഷ്ടമില്ലാതെ എല്ലാ യൂനിറ്റും നടത്തിയും ഒക്കെ വളരെ കഷ്ടപ്പട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ മുന്നോട്ടുകൊണ്ടുപോകുകയാണ്. വഴിയെപോകുന്നവർക്ക് അത് കൊടുക്കാം ഇത് കൊടുക്കാം എന്നൊക്കെ പറയാം.

പ്രഖ്യാപിച്ച ആനുകൂല്യം രണ്ട് മാസം നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സിയിൽ പിന്നെ ശമ്പളും ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയും ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി തനിക്ക് അറിയുന്നതുപോലെ ആർക്കും അറിയില്ലല്ലോ. വെളിയിൽ നിന്ന് എല്ലാവർക്കും സൗജന്യം എന്ന് പറഞ്ഞിട്ടുപോകാം. ഇത്തരത്തിൽ പ്രഖ്യാപനം നടത്തി കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതിന്‍റെ ഫലമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ നഷ്ടത്തിലായിരിക്കുകയാണ്.

അത്രത്തോളം പോലും ഇവിടെ പോകില്ല, ഒരു മാസം പോലും പോകില്ല. സൗജന്യങ്ങളിൽ മാധ്യമപ്രവർത്തകർക്കുള്ളതിന് മാത്രമാണ് പി.ആർ.ഡിയിൽ നിന്ന് പണം കിട്ടികൊണ്ടിരുന്നത്. ബാക്കി കുട്ടികൾക്ക് ഉൾപ്പെടെ നൽകുന്ന ഇളവിന് യാതൊന്നും കിട്ടിയിരുന്നില്ല. ഇപ്പോൾ കഴിഞ്ഞ അഞ്ച് വർഷമായി 10000 കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.

50 കോടി രൂപ ശമ്പളം നൽകാനായും 74 കോടി രൂപ പെൻഷൻ കൊടുക്കാനുമായി മാസം തോറും സർക്കാർ നൽകുകയാണ്. അങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നിട്ടും, ഒന്നും എങ്ങുമെത്തുന്നില്ല. ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആർ.ടി.സി പച്ച പിടിച്ച് വരുന്നതേയുള്ളു.

നടപ്പാക്കാൻ പറ്റുന്നതും അന്തസുള്ളതുമായ പ്രഖ്യാപനങ്ങൾ മാത്രമേ നടത്താവു. പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപ ആക്കിയതിന് പിണറായി സർക്കാർ കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞവരാണ് ഇപ്പോൾ 3000 ആക്കുമെന്ന് പറയുന്നതെന്നും ഇപ്പോൾ കൈക്കൂലി അല്ലെയെന്നും ഗണേഷ് കുമാർ ചോദിച്ചു.

Tags:    
News Summary - If two months’ benefits are given, KSRTC will cease to exist,” says K. B. Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.