വോട്ടിങ് മഷി പുരണ്ട വിദ്യാർഥിനിയുടെ വിരലിൽ പഴുപ്പ് ബാധിച്ച നിലയിൽ

പോളിങ് സ്റ്റേഷനിൽ മഷി പുരട്ടാൻ വിദ്യാർഥിനി; കൈ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

ഫറോക്ക്: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഉൾപ്പെടെ ആശങ്കകളും പരാതികളും നിലനിൽക്കേ പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായി.

ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി എൻ.എസ്.എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എ.എൽ.പി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തുന്നത്. പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർഥിനിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചുവത്രെ.

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളിൽ പഴുപ്പുവന്ന് ഗുരുതരമായി. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്. സിൽവർ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാൽ അടയാളം മാഞ്ഞുകിട്ടണമെങ്കിൽ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നിൽക്കണം. ചിലർക്ക് പുതിയ നഖവും തൊലിയും വരുന്നതോടു കൂടിമാത്രമേ മഷി മായുകയുള്ളൂ. വിദ്യാർഥിനിയെ മഷി പുരട്ടാൻ ഏൽപിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്​.

Tags:    
News Summary - Student to apply ink at Lok Sabha Elections polling station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.