തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്തുണ്ടായ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇത്തരം കേസുകളിൽ പഠനം നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇവയുടെ നിയന്ത്രണം പൊലീസിന്റെ പരിധിക്ക് പുറത്താണെങ്കിലും കുറ്റകൃത്യങ്ങൾ തന്നെയാണ്. അത്തരം കാര്യങ്ങളിൽ പൊലീസിന്റെ അനുഭവംകൂടി പരിഗണിച്ച് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വിവിധ ജില്ലകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും പൊലീസ് സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള പരാതിപരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് പുതുതലമുറ എങ്ങനെയാണ് എത്തുന്നത്. ഇക്കാര്യത്തിൽ കുടുംബവും സമൂഹവും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണം. പുതുതലമുറ മൂല്യങ്ങളിൽ അടിയുറച്ച് വളരാൻ ഏതൊക്കെ ഇടപെടൽ വേണമെന്നും മൂല്യങ്ങൾ കൂടുതൽ കുട്ടികളിലെത്തിക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിലടക്കം പരിഷ്കാരങ്ങൾ വേണ്ടതുണ്ടോ എന്നും പഠിക്കണം. വിദഗ്ധരുമായുള്ള ചർച്ചക്കും ആശയവിനിമയത്തിനും പൊലീസ് തന്നെ മുൻകൈയെടുക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ നടന്ന പരിപാടിയിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. മികച്ച പൊലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.