കൈകാണിച്ചിട്ടും മൂന്ന് ബസുകള്‍ നിര്‍ത്തിയില്ല, പരാതിയുമായി ആറാം ക്ലാസുകാരന്‍ ആര്‍.ടി.ഓഫീസിൽ

കോഴിക്കോട്: കാത്തിരുന്നിട്ടും ബസുകൾ നിർത്താതെ പോയതോടെ ആര്‍.ടി.ഒക്ക് പരാതി നല്‍കി ആറാംക്ലാസുകാരൻ. വടകര കോട്ടപ്പള്ളിക്ക് സമീപമാണ് സംഭവം. സ്‌കൂളില്‍ പോകാനായി ഏറെ നേരം ബസ് കാത്തിരുന്നിട്ടും മൂന്ന് ബസുകൾ നിർത്താതെ പോയതിനെ തുടർന്നാണ് വിദ്യാർഥി പരാതി നൽകിയത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസുകാരൻ സായ് ഗിരീഷ് ആണ് പരാതിക്കാരൻ.

രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി കോട്ടപ്പള്ളിക്ക് സമീപമുള്ള മലയില്‍ പൊക്കു സ്മാരക ബസ് സ്റ്റോപ്പില്‍ ഏറെ നേരം കാത്തു നിന്നു. ബസുകൾ നിർത്താത്തതിനെ തുടർന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ സായ് തിരിച്ചു മടങ്ങുകയായിരുന്നു. 8.30, 8.40, 8.55 എന്നീ സമയങ്ങളിൽ എത്തിയ ബസുകൾ കൈകാണിച്ചിട്ടും നിർത്തിയില്ല എന്നാണ് പരാതി. വീട്ടിൽ എത്തിയ സായ് അച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു.

സായ് ഗിരീഷ് തന്നെയാണ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞത്. പിന്നീട് പരാതി വടകര ആര്‍.ടി.ഒക്ക് കൈമാറി. ഒപ്പം സായ് ഗിരീഷും പിതാവും ചേർന്ന് ആര്‍.ടി ഓഫീസിലെത്തി പരാതി രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. പരാതിയുടെ ഗൗരവം മനസിലാക്കി എം.വി.ഡി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ബസിനെതിരേയും നടപടി സ്വീകരിച്ചു.ആദികൃഷ്ണ, അമൃത, മഹാലക്ഷ്മി എന്നീ ബസുകൾക്കെതിരെയാണ് നടപടി. മൂന്ന് ബസുകളും പിടികൂടി പിഴ ഈടാക്കി.

സ്കൂൾ സമയങ്ങളിൽ ബസില്‍ തിരക്കായതിനാലാണ് നിർത്താതെ പോയതെന്ന് ബസുടമകൾ വ്യക്തമാക്കി. അതേസമയം സായ് ഗിരീഷിന്റെ പ്രവൃത്തിയെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. സമാനമായ അനുഭവം നേരിടുന്ന എല്ലാ വിദ്യാർഥികള്‍ക്കും വേണ്ടിയാണ് പരാതി നൽകിയതെന്ന് പിതാവ് ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - student complained to the RTO when the bus did not stop after waiting for a long time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.