ചർച്ച പരാജയം; ലോ അക്കാദമിയി​ൽ സമരം തുടരും

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍  വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ചര്‍ച്ച പരാജയം. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റുന്നത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ പരമാവധി വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട പരാതികളില്‍ പലതിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനം വരുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.  വിദ്യാഭ്യാസ മന്ത്രി നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് എ.ബി.വി.പി ഇറങ്ങിപ്പോയി. പ്രിന്‍സിപ്പലിനെ നീക്കണമെന്നും കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ഥി പീഡനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  ഇന്‍േറണല്‍ അസസ്മെന്‍റ് നല്‍കുന്നതിലെ ക്രമക്കേട്, കോളജിന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി ദുരുപയോഗം ചെയ്തത്, പ്രിന്‍സിപ്പലിന്‍െറ ദലിത് പീഡനം,  വിദ്യാര്‍ഥികളെകൊണ്ട് പ്രിന്‍സിപ്പല്‍ സ്വന്തം ഹോട്ടലിലെ ജോലി ചെയ്യിച്ചത്, വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത് തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാം ഉന്നയിച്ചു.

പ്രിന്‍സിപ്പല്‍ രാജിവെക്കണം എന്ന ആവശ്യമാണ് എല്ലാവരും പ്രധാനമായും ഉന്നയിച്ചതെന്നും അത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നതായും മന്ത്രി പറഞ്ഞു. ലോ അക്കാദമിതന്നെ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ആവശ്യത്തില്‍ പരിശോധന നടത്തണം. ഈ കോളജ് കേരള സര്‍വകലാശാലയില്‍ പ്രൈവറ്റ് ഗണത്തിലാണ് ഉള്ളത്. എയ്ഡഡ് കോളജ് അല്ലാത്ത കോളജിനെ ഏത് ഗണത്തില്‍ പരിഗണിക്കണമെന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണ്. പ്രശ്നത്തില്‍ സര്‍ക്കാറിന്  സമ്മര്‍ദമില്ല. വസ്തുതകള്‍ പരിശോധിച്ച ശേഷമേ മാനേജ്മെന്‍റിനെ ചര്‍ച്ചക്ക് വിളിക്കണമോ എന്ന് തീരുമാനിക്കൂവെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പലിനെ മാറ്റുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി. തോമസ് പറഞ്ഞു. എന്നാല്‍, പ്രിന്‍സിപ്പലിന്‍െറ ദലിത് പീഡനം സംബന്ധിച്ചുള്ള പരാതികള്‍ ഉണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധമുണ്ടെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകരന്‍ പറഞ്ഞു. എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി ശ്യാംരാജ്, കെ.എസ്.യു ജില്ല സെക്രട്ടറി നിഹാല്‍ തുടങ്ങിയവരും കോളജില്‍നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - strike in law achadamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.