ഡൽഹിയിൽ സമരം; തിരുവനന്തപുരത്ത് പരിശോധന

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച സമരം നടക്കാനിരിക്കെ, തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി) ഓഫിസിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. മാസപ്പടി കേസന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന് (എസ്.എഫ്.ഐ.ഒ) അന്വേഷണം പൂർത്തിയാക്കാൻ എട്ടുമാസമുണ്ടെങ്കിലും അതിവേഗത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അന്വേഷണം സംസ്ഥാന സർക്കാറിലേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയിലേക്കും നീളുന്നതിന്‍റെ സുപ്രധാന നീക്കമാണ് ഇന്നലെയുണ്ടായത്. തിടുക്കത്തിലുള്ള പരിശോധന കേന്ദ്രവിരുദ്ധ സമരത്തിന്‍റെ മുനയൊടിക്കാനുള്ള നീക്കമായാണ് ഭരണപക്ഷം കാണുന്നത്.

കൊച്ചിയിൽ കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽ നടന്ന പരിശോധനയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓഹരി പങ്കാളിത്തമുള്ള കെ.എസ്.ഐ.ഡി.സി ഓഫിസിലെ പരിശോധന. ഈ രണ്ടിടത്തെയും പരിശോധനയുടെ വിശദാംശംതേടി അന്വേഷണം നീളുക മുഖ്യമന്ത്രിയുടെ മകൾ വീണയിലേക്കാണ്. വീണയുടെ കമ്പനി എക്സാലോജിക് സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽനിന്ന് വൻതുക കൈപ്പറ്റിയെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തിയത്. തുടർന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഗൗരവമുള്ള സാമ്പത്തിക കേസെന്ന നിലയിൽ എസ്.എഫ്.ഐ.ഒക്ക് കേസ് കൈമാറിയത്.

Tags:    
News Summary - Strike in Delhi; Inspection at Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.