കൊച്ചി: നഗരങ്ങളിലെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കായി സുരക്ഷിത ഭവനം പദ്ധതി യാഥാർഥ്യമാകുന്നു. ഇവർക്കായി അഭയ കേന്ദ്രങ്ങൾ ഒരുക്കുന്നതിന് സർക്കാർ നടപടി പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് തെരുവിൽ ജീവിക്കുന്നവരുടെ കണക്കെടുപ്പ് പൂർത്തീകരിച്ചു.
അതത് നഗരസഭകളാണ് അഭയകേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്തേണ്ടത്. കുടുംബശ്രീ മുഖേനയാണ് കേന്ദ്രങ്ങൾ ഒരുക്കുക. തെരുവുകളിൽ ജീവിക്കുന്നവരെ കണ്ടെത്താൻ ദേശീയ നഗരദൗത്യം (എൻ.യു.എം.എൽ) നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് 93 നഗരസഭകളിലായി 3,195 പേരെ കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം പേർ തെരുവിൽ കഴിയുന്നത്. തെരുവിലുറങ്ങുന്നവരിൽ 2,625 പേർ പുരുഷന്മാരും 564 പേർ സ്ത്രീകളും ആറ് പേർ ഭിന്നലിംഗക്കാരുമാണ്. ഒരു വർഷത്തിലേറെയായി തെരുവിലുറങ്ങുന്നവരുടെ എണ്ണം 2,106 ആണ്.
നഗരങ്ങളിൽ തെരുവിലുറങ്ങുന്നവരിൽ 61 ശതമാനവും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, സുൽത്താൻ ബത്തേരി, കണ്ണൂർ, കൊല്ലം, തൃശൂർ, കോട്ടയം, പാലക്കാട്, തലശ്ശേരി, വടകര, കുന്നംകുളം, ആലപ്പുഴ, ചാലക്കുടി, കൽപ്പറ്റ, കാസർകോട്, അങ്കമാലി എന്നിവിടങ്ങളിലാണ്. ഇതിൽ 1465 പേരും കൂലിവേല ചെയ്യുന്നു. തെരുവു കച്ചവടക്കാർ 221 പേരും ഉൾപ്പെടുന്നു. ഭിക്ഷയാചിച്ച് ജീവിക്കുന്നവർ 679. 38 പേർ മാത്രം ഉള്ള ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. പദ്ധതി രേഖ പ്രകാരമുള്ള തുകയും പുനരുദ്ധാരണത്തിന് അഭയകേന്ദ്രം ഒന്നിന് 50 ലക്ഷം രൂപയും സർക്കാർ അനുവദിക്കും. ഇതിന് പുറമെ നടത്തിപ്പിനായി ഒരു കേന്ദ്രത്തിന് ആറ് ലക്ഷം വീതം അഞ്ച് വർഷത്തേക്ക് 30 ലക്ഷം രൂപ ലഭ്യമാക്കും.
ദേശീയ നഗര ഉപജീവന ദൗത്യം സിറ്റി മിഷൻ മാനേജ്മെൻറ് യൂനിറ്റിലെ അംഗങ്ങളും കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പൊലീസും ഉൾപ്പെടുന്ന സംഘമാണ് സർവേ നടത്തിയത്. റിപ്പോർട്ട് ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനുശേഷം നഗരസഭകളിൽനിന്നുള്ള പദ്ധതി രേഖ സ്വീകരിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും അർബൻ പ്രോഗ്രാം ഓഫിസർ ബിനു ഫ്രാൻസിസ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.