തിരുവനന്തപുരം: തെരുവുനായ് പ്രശ്നം പരിഹരിക്കാൻ സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഏഴ് പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങള്‍ക്കുപുറമെ എല്ലാ ബ്ലോക്കിലും പോർട്ടബിൾ എ.ബി.സികൾ സ്ഥാപിക്കാൻ തദ്ദേശ വകുപ്പിനോട് ശിപാർശ ചെയ്യാന്‍ തീരുമാനം. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മൃഗക്ഷേമ ബോർഡ് യോഗത്തിലാണ് തീരുമാനം.
എ.ബി.സി സെന്ററുകൾക്ക് പൊതുജനങ്ങളിൽനിന്ന് എതിർപ്പുണ്ടാകുന്ന സ്ഥലങ്ങളിൽ ജനകീയ സമിതികൾ രൂപവത്കരിക്കാന്‍ തദ്ദേശ വകുപ്പിനോട് ശിപാർശ ചെയ്യും. ഡോഗ് ക്യാച്ചർ മേഖലയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് പരിശീലനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും ശിപാർശ ചെയ്യും.
വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാന്‍ പഞ്ചായത്തീരാജ്/നഗരപാലിക നിയമങ്ങൾ കർശനമാക്കുന്നതുൾപ്പെടെ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിന് ആവശ്യമായ ശിപാർശ തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തയാറാക്കി സർക്കാറിലേക്ക് സമർപ്പിക്കും. വളർത്തുനായ്ക്കൾക്ക് നിർബന്ധിത ലൈസൻസ് നൽകാൻ തദ്ദേശ വകുപ്പിനോട് നിർദേശിക്കും. ലൈസൻസ് പ്രകിയ ലളിതമാക്കാൻ കെ-സ്മാര്‍ട്ടിന്റെ സേവനം പ്രയോജനപ്പെടുത്താനും വളർത്തുനായ്ക്കളിൽ വാക്സിനേഷൻ നടത്തിയെന്ന് ഉറപ്പുവരുത്താനുള്ള മൈക്രോചിപ്പ് ഘടിപ്പിക്കുന്ന നടപടികൾക്കായും തദ്ദേശ വകുപ്പിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.