മലപ്പുറം: വിശ്വസനീമായ തെളിവുകളോ സ്വീകാരയോഗ്യമായ സനദോ (പരമ്പര) ഇല്ലാത്ത വ്യാജമുടി ഉപയോഗിച്ച് മുഹമ്മദ് നബിയെ മുൻനിർത്തി ചിലർ നടത്തുന്ന ആത്മീയ വാണിഭം ഇസ്‌ലാമിക വിരുദ്ധവും ദീനിന് അപമാനവുമാണെന്ന് ഇത്തിഹാദുൽ ഉലമാ കേരള ജനറൽ കൗൺസിൽ. പ്രവാചകന്‍റേതാണെന്നതിന് ആധാരമായ തെളിവ് സമർപ്പിക്കാൻ മുടിയെ വിൽപനച്ചരക്കാക്കുന്ന തൽപര കക്ഷികൾക്ക് കഴിഞ്ഞിട്ടല്ല. തെളിവായി കൊണ്ടുവന്ന സനദ് വ്യാജമാണെന്ന് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതുമാണ്.
വ്യാജ മുടി കൈമാറ്റം ചെയ്ത വ്യക്തിയുടെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞും സംശയാസ്പദമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയും പലരും രംഗത്ത് വന്നിട്ടുണ്ട്. സാമാന്യ ജനത്തെ ഈ വിധത്തിൽ കബളിപ്പിക്കാൻ ശഅറേ മുബാറക് എന്നവർ പേരിട്ട ഒരു പിടി മുടിയും റൗദയിലേതെന്ന് പറയപ്പെടുന്ന പൊടിയും മാത്രം മതിയാകുമെന്നത് പൗരോഹിത്യ ചൂഷണത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നുവെന്ന് യോഗം വിലയിരുത്തി.
തന്‍റെ കൈവശമുള്ള മുടി അര സെന്റീമീറ്റര്‍ വളര്‍ന്നിരിക്കുന്നുവെന്ന പ്രസ്താവന, ആത്മീയ ചൂഷണം ലക്ഷ്യംവെച്ചു കൊണ്ടുള്ളതാണ്. ഇതിലൂടെ ചര്‍ച്ച, പ്രവാചക കേശം അവിടുത്തെ വിയോഗശേഷവും വളരുമോ ഇല്ലേ എന്ന തലത്തിലേക്ക് നീങ്ങുമെന്നും അതോടെ തന്റെ കൈവശമുള്ള വ്യാജ കേശം ഒറിജിനൽ ആണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്നും ബന്ധപ്പെട്ടയാൾ കരുതുന്നുണ്ടാവണം. ഇത്തരം പ്രചാരവേലകൾ തിരിച്ചറിയാന്‍ കേരളീയ മുസ്‌ലിംകള്‍ക്കാവണം.
ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും വാണിജ്യവൽക്കരിക്കുകയും ദീനിൽ നിന്ന് പുറത്തുപോകാൻ അവസരം പാര്‍ത്തിരിക്കുന്നവർക്ക് ഏണി വെച്ചുകൊടുക്കുകയും ഇസ്‌ലാമിനെക്കുറിച്ച് മറ്റുള്ളവരിൽ അവജ്ഞ ജനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം അസംബന്ധങ്ങളില്‍ നിന്ന്‍ പണ്ഡിതന്മാര്‍ മാറിനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത്തിഹാദുൽ ഉലമാ കേരള സംസ്ഥാന പ്രസിഡന്‍റ് വി.കെ. അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. 'ഖുർആൻ വ്യാഖ്യാനത്തിന്‍റെ രീതിശാസ്ത്രം' എന്ന വിഷയം സംസ്ഥാന സെക്രട്ടറി സമീർ കാളികാവ് അവതരിപ്പിച്ചു.
ബോധനം പത്രാധിപർ അബ്ദുല്ലത്തീഫ് കൊടുവള്ളി സംസാരിച്ചു. പ്രബോധനം എഡിറ്റർ അശ്റഫ് കീഴുപറമ്പ് പൊതുചർച്ചക്ക് നേതൃത്വം നൽകി. ജനറൽ കൗൺസിൽ അംഗങ്ങളായ ഹബീബ് മസ്ഊദ്, നാസർ ചെറുകര, അബ്ദുല്ലത്തീഫ് ബസ്മല, അബ്ദുൽ ഖാദിർ ആക്കോട്, ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽ അസീസ് പൊൻമുണ്ടം പ്രമേയം അവതരിപ്പിച്ചു. സി.എച്ച്. ബശീർ സ്വാഗതവും ബുശൈറുദ്ദീൻ ശർഖി സമാപന പ്രഭാഷണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.