കാക്കനാട്: മോഷ്ടിച്ച സ്കൂട്ടറുമായി സഞ്ചരിച്ച യുവതിയെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പിടികൂടി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതി വെഹിക്കിൾ ഇൻസ്പെക്ടർമാർ കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. ഉദ്യോഗസ്ഥർ അഞ്ച് കിലോമീറ്റർ പിന്തുടർന്നാണ് യുവതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ സ്കൂട്ടർ സുഹൃത്ത് തന്നതാണെന്നായിരുന്നു മറുപടി. സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മോഷണക്കേസിൽ റിമാൻഡിലാണെന്നും വ്യക്തമായി.
വെള്ളിയാഴ്ച കാക്കനാട്-കളമശേരി റോഡിൽ വാഹന പരിശോധനക്കിടെയാണ് യുവതിയെ പിടികൂടിയത്. സ്കൂട്ടറിന്റെ രേഖകൾ ചോദിച്ചപ്പോഴാണ് കൈവശമില്ലെന്നും സ്കൂട്ടർ സുഹൃത്തിന്റേതാണെന്നും യുവതി പറഞ്ഞത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഷാസി നമ്പർ വഴി യഥാർഥ രജിസ്ട്രേഷൻ നമ്പറും ഫോൺ നമ്പറും കണ്ടെത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന് മനസ്സിലായത്.
ഫെബ്രുവരി 22ന് എറണാകുളം കോൺവന്റ് ജങ്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. സെൻട്രൽ പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജു, അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി. വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. സ്കൂട്ടറിൽ യുവതിക്കൊപ്പം 17 വയസ്സുള്ള മകളും ഉണ്ടായിരുന്നു. വാഹനവും വാഹനം ഓടിച്ചിരുന്ന രണ്ടുപേരെയും കളമശേരി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.