കോടതിവിധി അറിഞ്ഞശേഷം പുറത്തേക്ക് വരുന്ന സുധാകരന്റെ മക്കളായ അഖിലയും അതുല്യയും
നെന്മാറ: ഇരട്ടക്കൊലക്കേസിൽ ജില്ല കോടതി പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ബുധനാഴ്ചയിലെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ. നേരത്തെ തിരുത്തംപാടം ബോയൻ കോളനിയിലെ സജിത (35) എന്ന വീട്ടമ്മയെ വെട്ടിക്കൊന്ന് ജയിലിലായിരുന്ന അയൽവാസി ചെന്താമര അഞ്ചുവർഷത്തിനുശേഷം പരോളിലിറങ്ങിയാണ് സജിതയുടെ ഭർത്താവ് സുധാകരനെയും (56) ഭർതൃമാതാവ് ലക്ഷ്മിയെയും (75) 2025 ജനുവരി 27ന് പട്ടാപ്പകൽ വെട്ടിക്കൊന്നത്.
നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ച് ചെന്താമര സ്വന്തം വീട്ടിലെത്തിയ വിവരം നാട്ടുകാരും സജിതയുടെ ബന്ധുകളും നെന്മാറ പൊലീസിനെ രേഖാമൂലം അറിയിച്ചെങ്കിലും പൊലീസ് ഗൗനിച്ചില്ല. ഇരട്ടക്കൊലപാതകത്തിനുശേഷം നാട്ടുകാർ ആരോപണമുന്നയിക്കുകയും പൊലീസ് വീഴ്ചയിൽ അന്നത്തെ സി.ഐ മഹേന്ദ്ര സിംഹനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സജിത വധക്കേസിൽ ചെന്താമരക്ക് ഇരട്ടജീവപര്യന്തമാണ് പാലക്കാട് സെഷൻസ് കോടതി വിധിച്ചത്. ചെന്താമരക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും ലഭിക്കരുതെന്നാണ് നാട്ടുകാരുടെയും സുധാകരൻ-സജിത ദമ്പതികളുടെ മക്കളുടെയും അഭിപ്രായം.
പുറത്തിറങ്ങിയാൽ വീണ്ടും കൊലപാതകത്തിന് തുനിയുമെന്ന് ചെന്താമര പലതവണ വിചാരണക്കിടെ സൂചിപ്പിച്ചിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ തങ്ങളെ വകവരുത്തുമെന്ന് പ്രോസിക്യൂഷൻ സാക്ഷികളും സുധാകരന്റെ മക്കളും അയൽവാസികളും ഊന്നിപ്പറയുന്നുണ്ട്. ബുധനാഴ്ചത്തെ ശിക്ഷാവിധി ആശ്വാസം നൽകുന്നതാവുമെന്ന് തിരുത്തംപാടത്തെ നാട്ടുകാരും പ്രത്യാശിക്കുന്നു. കൊലപാതകം നടന്ന് ഒന്നര വർഷത്തിനകമാണ് കേസിൽ വിധിവരുന്നത്. ബി.എൻ.എസ് നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു കേസിൽ ഇത്ര വേഗം വിധി വരുന്നത്.
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ ജഡ്ജിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ യാതൊരു കുലുക്കവുമില്ലാതെ പ്രതി ചെന്താമര. കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോഴും അക്ഷോഭ്യനായാണ് പ്രതി കേട്ടുനിന്നത്. കേസിൽ തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നും ചെന്താമര പറഞ്ഞു. കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചശേഷം പാലക്കാട് നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം. ഒന്നും പറയാനില്ലെന്നാണ് ആദ്യം പ്രതി പറഞ്ഞത്. വധശിക്ഷ ഉൾപ്പടെ ലഭിക്കാവുന്ന കേസാണെന്ന് ജഡ്ജി പറഞ്ഞപ്പോഴാണ് തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്ന് ചെന്താമര മറുപടി പറഞ്ഞത്. കോടതിയെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം.
എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ഡ്രൈവർ ആണെന്നും ഏതുവരെ പഠിച്ചുവെന്ന ചോദ്യത്തിന് പത്താം ക്ലാസ് എന്നുമായിരുന്നു മറുപടി. ജയിച്ചോ എന്ന് ജഡ്ജി ആരാഞ്ഞപ്പോൾ ഇല്ലെന്നും ബന്ധുമിത്രാദികൾ ആരും ജയിലിൽ കാണാൻ വരാറില്ലെന്നും പറഞ്ഞു. ഭാര്യയും കുട്ടികളുമായി ബന്ധമുണ്ടോ എന്ന് ചോദ്യത്തിന് ജയിലിൽ കിടക്കുമ്പോൾ എങ്ങനെയാണ് ബന്ധമുണ്ടാകുന്നത് എന്നായിരുന്നു മറുപടി. ജയിലിൽ നിന്നിറങ്ങിയാൽ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന ജില്ല പ്രൊബേഷനറി ഓഫിസറുടെ റിപ്പോർട്ട് ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോൾ താൻ ഇതുവരെ ജാമ്യത്തിന് പോലും അപേക്ഷ കൊടുത്തിട്ടില്ലെന്നും താനായിട്ട് പോകില്ലെന്നും താൻ ഗാന്ധിജിയൊന്നുമല്ല അതിനാൽ ഇങ്ങോട്ടുവന്നാൽ വിടില്ലെന്നുമായിരുന്നു മറുപടി. കിട്ടിയാൽ കൊടുക്കുമെന്നും ചെന്താമര പ്രതികരിച്ചു.
കുറ്റബോധമുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ ‘‘അവനവന് വന്നാലേ വേദന മനസ്സിലാകൂ, നിങ്ങൾക്ക് വന്നിട്ടില്ല’’ എന്നുമായിരുന്നു മറുപടി. ജയിലിൽ സഹതടവുകാരുമായി ബന്ധമില്ലാത്തത് അവർ കള്ളൻമാരും ലഹരി ഉപയോഗിക്കുന്നവരുമായതിനാലാണ് എന്നും ചെന്താമര പറഞ്ഞു. താങ്കൾക്ക് മാനസ്സികമായി പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജില്ല സൈക്കോളജിസ്റ്റ് പറയുന്നത് എന്ന് ജഡ്ജി പറഞ്ഞപ്പോൾ അതിന് എനിക്ക് പ്രശ്നമുണ്ടെന്ന് ആരാ പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.