ജി. സുധാകരൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി സി.പി.എം പ്രവർത്തകർ

ആലപ്പുഴ: ജി.സുധാകരൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി സി.പി.എം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽതോട് പാടശേഖരത്ത് കൽക്കെട്ട് നിർമാണോദ്ഘാടന വേദിയിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. പ്രദീപിപിന്‍റെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തംഗം ആർ. രാജി, കൃഷ്ണമ്മ, സോമൻ എന്നിവർ ചേർന്നാണ് പ്രസംഗം തടസ്സപ്പെടുത്തിയത്.

കഴിഞ്ഞദിവസം നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ നടന്ന വിഷയം പരാമർശിച്ചതാണ് സി.പി.എം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്നും പൊതുവേദിയാണെന്നും പറഞ്ഞായിരുന്നു സി.പി.എം പ്രവർത്തകർ രംഗത്തെത്തിയത്. എന്നാൽ, നിങ്ങൾ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താൻ പറയാനുള്ളത് പറയുമെന്ന് ജി. സുധാകരൻ പറഞ്ഞു. പിന്നീടും സുധാകരൻ തന്‍റെ പ്രസംഗം തുടർന്നു. സി.പി.എം- സുധാകരൻ പോര് മുറുക്കുന്നതിനിടെയാണ് രാഷ്ട്രീയവിമർശനം. എം.എൽ.എ എന്ന നിലയിൽ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സി.പി.എമ്മിനെ അധിക്ഷേപിച്ചാൽ പ്രതികരിക്കുമെന്ന് ജില്ല നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞദിവസം ആലപ്പുഴ ചന്ദനക്കാവ് റസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പൊതുയോഗത്തിലും ജി. സുധാകരൻ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. സി.പി.എം നേതാക്കൾ വയോജനപാഠശാലയിൽ പോയി പഠിക്കണമെന്നും ജനങ്ങളോട് മര്യാദക്ക് പെരുമാറണമെന്നുമായിരുന്നു വിമർശനം. എതിരാളികളെ അസഭ്യം പറഞ്ഞിട്ടും ചീത്തപറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ടല്ലേ തെരഞ്ഞെടുപ്പിൽ തോറ്റത്. ഭരണം മാറിയത് ആലപ്പുഴയിലെ പൊലീസ് ഇപ്പോഴും അറിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പുകളിൽ അടിക്കടി സി.പി.എമ്മിനുണ്ടായ പരാജയങ്ങളുടെ കാരണം കമ്യൂണിസം എന്താണെന്ന് അറിയാതെ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞുനടക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകളുടെ വൃത്തികേടുകളാണ്. പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടി നേതൃത്വത്തിൽ വരികയാണെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - CPM workers disrupt MLA G. Sudhakaran's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.