കോട്ടയം: ബി.ജെ.പിയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസിനെ വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്കു പിന്നാലെയാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചവർക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ മറുപടി നൽകുകയും അവരെ തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസിനെ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വന്ന വിമർശനങ്ങൾ ബി.ജെ.പിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, സുകുമാരൻ നായർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. സമുദായ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ബി.ജെ.പി ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും, ഇനിയും ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായർക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം, പാർട്ടിയിലെ ഭിന്നസ്വരങ്ങളെ ശമിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പെരുന്നയെക്കുറിച്ചുള്ള വിമർശനങ്ങളും സജീവമായിരിക്കെയാണ് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബി.ജെ.പി നേതൃത്വം തന്നെ മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.