‘ഞാൻ മുൻകൂർ ജാമ്യത്തിന് പോലും പോകൂല, ബാലാവകാശ കമീഷൻ കേസെടുത്ത് ജയിലിലടക്കട്ടെ’ -കെ.ടി. ജലീൽ

മലപ്പുറം: മണ്ണാർക്കാട് വിജയോത്സവ വേദിയിൽ കുട്ടികളെ അപമാനിച്ചതിന് ബാലാവകാശ കമ്മീഷൻ കേസെടുത്ത് ജയിലിൽ അടക്കട്ടെയെന്നും താൻ അത് സ്വീകരിക്കുമെന്നും മുൻമന്ത്രി കെ.ടി. ജലീൽ. ‘കുട്ടികൾക്ക് അധ്യാപകൻ എന്ന നിലയിൽ പറഞ്ഞുകൊടുത്തത് മോശമായി പോയെന്നും അങ്ങനെ ഒരിക്കലും പറയാൻ പാടില്ല എന്നുമാണ് തീരുമാനമെങ്കിൽ ആ തീരുമാനം അനുസരിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ അതിനെ സ്വാഗതം ചെയ്യും. മുൻകൂർ ജാമ്യത്തിന് പോലും പോകൂല. ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് ജയിലിൽ അടക്കട്ടെ’ - അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘മയ, കുയി, പുയ, അയക് എന്നൊക്കെ മുതിർന്ന ആളുകൾ പോലും പറയുന്നത് കഴിഞ്ഞ 10 കൊല്ലമായിട്ട് നമ്മളുടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്നതുകൊണ്ടാണോ. കഴിഞ്ഞ 10 കൊല്ലം പിണറായി വിജയൻ സർക്കാർ വന്നതിനു ശേഷം സ്കൂൾ പഠിച്ച ആളാണോ കേരളം എന്ന് എഴുതിയപ്പോൾ കാരളം എന്നായത്. 9332 എന്നതിനു പകരം തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് എന്ന് പറഞ്ഞയാൾ ഈ കഴിഞ്ഞ 10 കൊല്ലം നമ്മളുടെ ഏതെങ്കിലും ഒരു സ്കൂളിൽ പഠിച്ചു വന്ന കുട്ടിയാണോ?

910 എന്ന് പറയേണ്ടതിനു പകരം തൊണ്ണൂറ്റിപ്പത്ത് എന്ന് നിയമസഭയിൽ പറഞ്ഞ വ്യക്തി ഈ കഴിഞ്ഞ 10 കൊല്ലം നമ്മളുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് പഠിച്ചു വന്നതാണോ.

15-5-26 എന്ന ഡേറ്റ് നമ്മൾ ആരെങ്കിലും പതിനഞ്ച് ലക്ഷത്തി അയ്യായിരത്തി എന്ന് നമ്മൾ പറയാറുണ്ടോ. അങ്ങനെ പറഞ്ഞ ആൾ ഈ കഴിഞ്ഞ 10 കൊല്ലം നമ്മളുടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്ന കുട്ടിയാണോ? മയ കുയി പുയ അയക് എന്നൊക്കെ മുതിർന്ന ആളുകൾ പോലും പറയുന്നത് കഴിഞ്ഞ 10 കൊല്ലമായിട്ട് നമ്മുടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്നതുകൊണ്ടാണോ? അന്ന് യഥാർത്ഥത്തിൽ ഇവർക്കൊന്നും നമ്മളെ പോലെ ഇങ്ങനെ കറക്റ്റ് ചെയ്തു കൊടുക്കാൻ ഒരാളുണ്ടായില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അല്ലെങ്കിൽ അവർ ഇങ്ങനെ പറയില്ല’ -കെ.ടി. ജലീൽ പറഞ്ഞു.

‘എനിക്കെതിരെ കേസെടുക്കും എന്ന് പറഞ്ഞ ബിന്ദുകൃഷ്ണക്കെതിരെയല്ലേ ആദ്യം കേസെടുക്കേണ്ടത്? അവരല്ലേ ഒരു അംഗനവാടി കുട്ടി പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് വലിയ വിവാദമൊക്കെ ആയത്. ആ കുട്ടി തന്നെയാണ് പിന്നെ അത് കറക്ട് ചെയ്തത്.

ഇതിനെയൊക്കെ രാഷ്ട്രീയമായിട്ട് കാണുന്നതിനു പകരം ഇതിനെ ഒരു ബ്രോഡ് കാൻവാസിൽ കാണാൻ വേണ്ടി ശ്രമിക്കണം. മന്ത്രിമാരായിട്ടുള്ള ബിന്ദുകൃഷ്ണയോ അല്ലെങ്കിൽ ശംസുദ്ദീനോ ഒന്നും അധ്യാപകരായിട്ട് പൊതുപ്രവർത്തനത്തിലേക്ക് വന്നവരല്ല. അധ്യാപകരായിട്ട് പൊതുപ്രവർത്തനത്തിലേക്ക് വന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമായ പ്രസംഗങ്ങൾ നടത്തി പോവുക എന്നതിന് പകരം കുട്ടികളുമായിട്ട് സംവദിച്ച് പോകും. അത് സ്വാഭാവികമാണ്. അതിൽ ഒരു അപമാനവും ഇന്നുവരെ ഒരാൾക്കും തോന്നിയതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ പിന്നീട് അങ്ങനെ ചെയ്യില്ലല്ലോ.

അതിൽ പങ്കെടുത്ത ഏതെങ്കിലും കുട്ടികൾക്കോ രക്ഷിതാക്കൾക്കോ മാനഹാനിയായി, അപമാനമായി അത് തോന്നിയതായി അവർ പറയുകയാണെങ്കിൽ മാത്രമല്ലേ ക്ഷമാപണത്തിന്റെയും മാപ്പിന്റെയും ആവശ്യം വരുന്നുള്ളൂ. അത് അവർ പറയട്ടെ. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവരത് പറഞ്ഞാൽ അതിനെകുറിച്ച് ആലോചിക്കാം. എനിക്കതിൽ ഒരു വാശിയുമില്ല.

നമ്മളുടെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയാണ് അവിടെയും എനിക്ക് ബോധ്യപ്പെട്ടത്. ഇത്രയും കുട്ടികളിൽ ഏതാണ്ട് എല്ലാ കുട്ടികളും തന്നെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രാപ്തമായതുപോലെ മറ്റേതൊരു അൺ എയ്ഡഡ് വിദ്യാലയത്തിൽ പോയി ചോദിച്ചാലും കുട്ടികൾ പ്രാപ്തമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ -ജലീൽ പറഞ്ഞു.

പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിലായിരുന്നു വിവാദ സംഭവം. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർഥികളെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയുമായിരുന്നു. നഗരസഭയുടെ 19, 20, 22 വാർഡുകളിലെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെ.ടി ജലീലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെയാണ് അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ട ജലീൽ, എഴുത്തിൽ ചെറിയ പിഴവുകൾ സംഭവിച്ചപ്പോൾ കുട്ടികളെ തിരുത്തുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു. ‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’ എന്ന് സദസ്സിന് മുന്നിൽ വെച്ച് ചോദിച്ചാണ് ജലീൽ കുട്ടികളെ നാണംകെടുത്തിയത്. ഇതിനു പിന്നാലെ കുട്ടികളെ വേദിയിൽ വെച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഇതിന് പിന്നാലെ, വിദ്യാർഥികളെ അപമാനിച്ച കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തിൽ മുൻ മന്ത്രി പെരുമാറി എന്ന പ്രവർത്തിക്കാണ് ബാലാവകാശ കമീഷൻ കേസെടുത്തത്. ജലീലിന്റെ പ്രവർത്തി തീർത്തും തെറ്റായിപ്പോയി എന്ന് നിരവധിപേർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

കെ.ടി. ജലീലിനെതിരെ ബാലാവകാശ കമീഷൻ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തിയിരുന്നു. ‘ജലീലി​ന്റേത് ബാലാവകാശ വിരുദ്ധ പ്രവർത്തനമാണ്. ഇതിനെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുക്കണം. വിദ്യാർഥികളോടും പൊതുസമൂഹത്തോടും അദ്ദേഹം മാപ്പ് പറയണം. ഒരു മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഉണ്ടാവേണ്ട ഭാഷയോ പ്രവണതയോ അല്ല ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവണതകൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വിഷയത്തിൽ ബാലാവകാശ കമീഷനെ സമീപിച്ച് കേസ് എടുക്കാൻ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടും’ -ഭാരവാഹികൾ പറഞ്ഞു.

എന്നാൽ, കുട്ടികളിലെ പിഴവുകൾ തിരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണെന്നും, അതിന് തയാറായില്ലെങ്കിൽ കുട്ടികൾ ഭാവിയിലും തെറ്റായ ഉച്ചാരണങ്ങളിലും അറിവില്ലായ്മയിലും തുടരുമെന്നും കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളെ കാണുമ്പോൾ ഒരു പൊതുപ്രവർത്തകനേക്കാൾ ഉപരി ഒരു അധ്യാപകനാണ് എന്നിൽ ഉയർന്നു നിൽക്കാറ്. തമാശയിലൂടെയും ദേഷ്യപ്പെട്ടും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ചുകൊടുക്കാറാണ് പതിവ് എന്നും ജലീൽ കൂട്ടിച്ചേർത്തു.

എന്നാൽ, വിദ്യാർഥികളെ കെ.ടി. ജലീൽ അപമാനിച്ചത് അങ്ങേയറ്റം തെറ്റെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. പറഞ്ഞ തെറ്റ് മനസ്സിലാക്കാൻ പോലും ജലീലിന് കഴിയുന്നില്ലായെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'മണ്ണാർക്കാട് നടന്ന പൊതു ചടങ്ങിൽ കെ.ടി. ജലീൽ വിദ്യാർഥികളെ ശാസിക്കുന്നതിന്റെ ഭാഗമായി ചെവിക്ക് നുള്ളിയ പെരുമാറ്റം ഒരിക്കലും ശരിയല്ല. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണത്. കുഞ്ഞുങ്ങളുടെ അവകാശത്തെ കുറിച്ച് അവർക്ക് അത്ര അവബോധം ഉണ്ടാകില്ല. എന്നിരുന്നാലും, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി. ജലീൽ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. കാലം മാറിയത് ജലീൽ അറിഞ്ഞിട്ടില്ല. ഇന്നത്തെ കാലത്ത് അവകാശങ്ങൾക്ക് വേണ്ടി പ്രാധാന്യം നൽകുന്ന സമൂഹമാണ്. അതിനെല്ലാം വിപരീതമായാണ് അദ്ദേഹത്തിന്റെ പ്രവർത്തി ഉണ്ടായത്. തെറ്റ് ചെയ്തത് ബോധ്യപ്പെടാൻ പോലും കെ.ടി. ജലീൽ തയ്യാറാകുന്നില്ല എന്നുള്ളത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും' മന്ത്രി പറഞ്ഞു. 

Tags:    
News Summary - 'Won't even seek anticipatory bail', let Child Rights Commission jail me - KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.