കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര നിർദേശം പാലിക്കാത്തതിനാൽ ആനുകൂല്യം നഷ്ടമാകുമെന്ന് ആശങ്ക. പദ്ധതിയുടെ സോഫ്റ്റ് വെയറായ ആവാസ് പ്ലസിൽ മുഴുവൻ ഗുണഭോക്താക്കളുടെയും സ്വയം സർവേക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ജൂൺ നാലിന് മുമ്പ് സർവേ പൂർത്തിയാക്കി നൽകാനായിരുന്നു സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സർവേ പൂർത്തിയാക്കിയില്ലെന്നുമാത്രമല്ല, സമയപരിധി നീട്ടിക്കിട്ടാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതും പദ്ധതികൾക്ക് തിരിച്ചടിയായി.
നീട്ടിക്കിട്ടാൻ അപേക്ഷിച്ച നാലു സംസ്ഥാനങ്ങൾക്ക് ജൂൺ 18 വരെ കാലാവധി നീട്ടി നൽകിയിട്ടുമുണ്ട്. ലൈഫ് പദ്ധതി പട്ടികയിൽ ഉൾപ്പെടാത്തവരും പി.എം.എ.വൈ സെൽഫ് സർവേയുടെ വിവരങ്ങൾ അറിയാത്തവരുമായ ആയിരക്കണക്കിന് അർഹതയുള്ള ഭവനരഹിതർ ഗ്രാമ പ്രദേശങ്ങളിൽ അവശേഷിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ അനാസ്ഥ.
അർഹതയുള്ള എല്ലാ ഭവനരഹിതരെയും സർവേയിൽ ഉൾക്കൊള്ളിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി സംസ്ഥാനത്തിന്റെ ലൈഫ് ഭവന പദ്ധതി പട്ടികയിൽ ശേഷിക്കുന്നവരെ മാത്രം സർവേയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് തദ്ദേശ വകുപ്പ് നിർദേശം നൽകിയത്.
സ്വയം സർവേ സംബന്ധിച്ച കേന്ദ്ര നിർദേശം വന്ന ശേഷം നിരവധി ഭവനരഹിതർ തദ്ദേശഭരണ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഉൾപ്പെടുത്തിയില്ല. സംസ്ഥാന സർക്കാറിന്റെ ലൈഫ് പട്ടികക്ക് പുറത്തുള്ള ആരെയും സർവേയിൽ ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചിട്ടില്ലെന്ന റിപ്പോർട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിരുന്നു. ലൈഫ് പദ്ധതി പട്ടികയിലുള്ളവരെയും സ്വയം സർവേയിൽ കടന്നുകൂടിയവരുമായ അർഹരായ ഭവന രഹിതരെയും ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവര സ്ഥിരീകരണം നടത്തിയേ മതിയാവൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.