കൊച്ചി: സംസ്ഥാനത്തെ വൻകിട പദ്ധതികൾ നിരീക്ഷിക്കാനും സൂക്ഷ്മപരിശോധന നടത്താനും കേന്ദ്ര വിജിലൻസ് കമീഷൻ മാതൃകയിൽ സംസ്ഥാന കമീഷൻ രൂപവത്കരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ. ഭരണരംഗത്തെ അഴിമതിയില്ലാതാക്കാൻ ഈ കമീഷൻ സഹായകമാകുമെന്നും ചെന്നിത്തല സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നതിൽ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം നൽകിയ ഹരജിയുടെ ഭാഗമായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അഴിമതിയില്ലാതാക്കാനുള്ള നിർദേശങ്ങളും പൊതുഭരണ രംഗവുമായി ബന്ധപ്പെട്ട നിലപാടും വ്യക്തമാക്കണമെന്ന് കോടതി ഹരജിക്കാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് രമേശ് ചെന്നിത്തല സത്യവാങ്മൂലം നൽകിയത്. വി.ഡി. സതീശൻ നേരത്തേ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസോ അദ്ദേഹം നിയോഗിക്കുന്ന വ്യക്തിയോ ചെയർമാനായ സമിതി വേണം സംസ്ഥാന വിജിലൻസ് കമീഷനെ തെരഞ്ഞെടുക്കാനെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. പരിഗണിക്കുന്ന പേരുകൾ പൊതുഅഭിപ്രായത്തിന് വിടണം. അതുകൂടി പരിഗണിച്ച് വേണം നിയമനം നടത്താൻ. വലിയ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് സംസ്ഥാന വിജിലൻസ് കമീഷന്റെ ക്ലിയറൻസ് വേണമെന്ന വ്യവസ്ഥ ഏർപ്പെടുത്തണം.
രാഷ്ട്രീയം പൊതുജനങ്ങളെ സേവിക്കാനുള്ള അവസരമാകണം. കനത്ത സുരക്ഷ സന്നാഹങ്ങളോടെ സമൂഹത്തിൽ ഇറങ്ങി നടന്നാൽ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവില്ല. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ പ്രോസിക്യൂഷന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ അഴിമതിക്കെതിരായ നടപടിയെ പിന്നോട്ടടിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.