ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം :വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടര്‍ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ആധാര്‍ വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും അദ്ദേഹം വ്യകതമാക്കി. സംസ്ഥാനത്ത് ഇതുവരെ ആധാർ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം ആറിലെ ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്.

എന്നാല്‍ ഇനിമുതല്‍ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമർപ്പിക്കാം.

ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. ഇതിനു ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെ മേല്‍ സൂചിപ്പിച്ച പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി ഒന്ന് യോഗ്യതാ തീയതിയിലേക്കുള്ള മുന്‍കൂറായി ലഭിച്ച അപേക്ഷകള്‍ നടപടി സ്വീകരിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ലഭിക്കുന്ന അപേക്ഷകളും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളിലേക്കുള്ള (ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന്) അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫാറം-6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുന്‍കൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (തഹസീല്‍ദാര്‍) അതാത് യോഗ്യതാ തീയതികള്‍ക്ക് ശേഷം തുടര്‍ച്ചയായി പ്രോസസ് ചെയ്യുന്നതായിരിക്കും.

വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി ഫാറം-6 സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നുവരുന്ന യോഗ്യതാ തീയതികളില്‍ പ്രസ്തുത അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ സമയത്ത് മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു അധിക സൗകര്യമാണെന്നും സഞ്ജയ് കൗള്‍ അറിയിച്ചു. 

News Summary - State Chief Electoral Officer says no need to worry about linking Aadhaar and voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.