ശ്രീനിവാസൻ വധം: ആദ്യം ലക്ഷ്യമിട്ടത്​ മറ്റ് ​രണ്ടുപേരെ, പ്രധാന പ്രതികൾ ഒളിവിൽ

പാലക്കാട്‌: ആർ.എസ്.എസ് മു‍ൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിലെത്തി ആക്രമിച്ച ആറുപേരും ഒളിവിൽ. എലപ്പുള്ളിയിലെ പോപുലർ ​ഫ്രണ്ട്​ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 15ന് രാത്രി തന്നെ പ്രതികാരക്കൊല ലക്ഷ്യമിട്ട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക്​ സമീപത്തെ മൈതാനത്ത്​ ഗൂഢാലോചന നടത്തിയതായാണ്​ പൊലീസ് കണ്ടെത്തിയിരിക്കുന്നത്​.

ശ്രീനിവാസനെ കൊലപ്പെടുത്താൻ തീരുമാനിക്കും മുമ്പ് മറ്റ്​ രണ്ടുപേരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. വിജയിക്കാത്തതിനെ തുടർന്നാണ് ശ്രീനിവാസനിലേക്ക് എത്തിയത്. തുടർന്ന്​ മേലാമുറിയിലെത്തി പരിസര നിരീക്ഷണം നടത്തി.

വാഹനങ്ങളും ആയുധങ്ങളും സംഘടിപ്പിച്ച് ഉച്ചയോടെ കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിനായി നിയോഗിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടാവുകയോ ആക്രമണശേഷം രക്ഷപ്പെടാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ഇടപെടാന്‍ മേലാമുറി ഭാഗത്ത് സംഘത്തിലെ മറ്റ്​ നാലു പേര്‍ നിലയുറപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

രണ്ടു പേരുടെ അറസ്റ്റുൾപ്പടെ ആറു പേർ പിടിയിലാണെന്നും ബാക്കിയുള്ളവരുടെ അറസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും എ.ഡി.ജി.പി പറഞ്ഞു. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നാളുൾപ്പെടെ ആറംഗ സംഘം ഒളിവിലാണ്. ഇവർക്കായി നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.

രണ്ടുപേർ കൂടി അറസ്റ്റിൽ

ആർ.എസ്.എസ് മു‍ൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ. ശ്രീനിവാസനെ (45) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ അഷ്‌റഫ്‌, അഷ്ഫാർ എന്നിവരെയാണ്​ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ്​ ചെയ്തത്​.

ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പ്രതികളെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. വ്യാഴാഴ്ച അറസ്റ്റിലായ പോപുലർ ഫ്രണ്ട്‌ പ്രവർത്തകരും കൽപാത്തി ശങ്കുവാരമേട് സ്വദേശികളുമായ മുഹമ്മദ്‌ ബിലാൽ (22), റിയാസുദ്ദീൻ (35), മുഹമ്മദ് റിസ്​വാൻ (20), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴെ മുരളി പരപ്പത്ത് തൊടി സ്വദേശി സഹദ് (22) എന്നിവരുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

ഇവർ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങൾ പുതുപ്പരിയാരത്ത് നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തു. ശങ്കുവാരത്തോട് പള്ളിക്ക് സമീപം നിർത്തിയിട്ട പെട്ടി ഓട്ടോയിൽനിന്നാണ്​ വാളുകൾ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവിടത്തെ പള്ളിയിൽ പ്രതികൾ മൊബൈലും വ്യക്തിഗത രേഖകളും സൂക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.

തുടർന്ന്​ പ്രതി​കളെ മേലാമുറി, ജില്ല ആശുപത്രി മോർച്ചറി പരിസരം, കൽമണ്ഡപം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു. കൽമണ്ഡപത്തുനിന്ന് പ്രതികൾ കൃത്യത്തിന്​ ഉപയോഗിച്ചെന്ന്​ കരുതുന്ന ഒരു ബൈക്ക് കൂടി കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവസമയത്ത് എത്തുകയും ചെയ്തവരാണ് മുഹമ്മദ് ബിലാലും റിയാസുദ്ദീനുമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ മൊബൈൽ ഫോണുകളും മറ്റും ശേഖരിച്ച് അവരവരുടെ വീടുകളിലെത്തിച്ചത് മുഹമ്മദ് റിസ്​വാനാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും സംഘത്തിന് മറ്റ്​ സഹായങ്ങള്‍ നല്‍കുകയും ചെയ്തതിനാണ് സഹദ് അറസ്റ്റിലായത്.  

Tags:    
News Summary - Srinivasan murder: First targeted two others, main accused absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.