ശ്രീ​നി​വാ​സ​ൻ കൊ​ല​ക്കേസിൽ അ​റ​സ്റ്റി​ലാ​യ​വ​രെ പാ​ല​ക്കാ​ട്​ ടൗ​ൺ സൗ​ത്ത്​​ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ

ശ്രീനിവാസൻ വധം: കൊലയാളികൾ എത്തുംമുമ്പേ സഹായികൾ മേ​ലാ​മു​റി​യി​ൽനിന്ന് വിവരങ്ങൾ നൽകി

പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്‌ കൽപാത്തി സ്വദേശികളായ മുഹമ്മദ് റിസ്വാൻ (20), മുഹമ്മദ് ബിലാൽ (22), റിയാസുദ്ദീൻ (35), പുതുപ്പരിയാരം സ്വദേശി സഹദ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുമ്പുതന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്‍റെ നീക്കങ്ങൾ മനസ്സിലാക്കി കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു.

ഈ സംഘത്തിലെ നാല് പേരാണ് പിടിയിലായത്. കേസിൽ ആകെ 16 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേരെ ചോദ്യം ചെയ്‌തുവരുകയാണ്‌. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ആറുപേരും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.

ഗൂഢാലോചന നടന്നത് മോർച്ചറിക്ക് സമീപം

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽവെച്ചാണ്‌ ഒരുവിഭാഗം ഗൂഢാലോചന നടത്തിയത്‌.

16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ രണ്ട്‌ മേലാമുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയത്. തുടർന്ന് മൂന്നുപേർ കടയിലേക്ക് ഓടിക്കയറുകയും ശ്രീനിവാസനെ കടയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക്‌ എത്തിയത്‌. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ശ്രീനിവാസനെ വധിച്ചതിന് പിന്നിലെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 143, 144, 147, 148, 449, 302, 149 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തലയിൽ ആഴത്തിലുള്ള പരിക്കാണ് ശ്രീനിവാസന്‍റെ മരണകാരണം.  

Tags:    
News Summary - Srinivasan assassination: Aides provided information from Melamuri before the killers arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.