പുള്ളാവൂർ പുഴയിലെ കട്ടൗട്ടിനെതിരെ വീണ്ടും പരാതിയുമായി അഡ്വ. ശ്രീജിത്ത് പെരുമന

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകൾക്കെതിരെ വീണ്ടും പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ഇത്തവണ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കാണ് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഭീമന്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ ചാത്തമംഗലം പഞ്ചായത്തിൽ ആദ്യം പരാതി നൽകിയിരുന്നു.

എന്നാൽ, കട്ടൗട്ടുകൾ സ്ഥാപിച്ച പുഴ കൊടുവള്ളി നഗരസഭ പരിധിയിലാണെന്നും പുഴയും പുഴ പുറമ്പോക്കും കൊടുവള്ളി നഗരസയുടെ ആസ്തിയിൽപെട്ടതാണെന്നും വ്യക്തമാക്കി കൊടുവള്ളി നഗരസഭ ചെയർമാൻ ​വെള്ളറ അബ്ദു രംഗത്തെത്തി. നഗരസഭക്ക് ഇതുവരെ പരാതി ലഭിച്ചില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് ശ്രീജിത്ത് പെരുമന നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയത്.  പരാതി ഇമെയിൽ വഴി ലഭിച്ചതായി നഗരസഭ അധികൃതർ സ്ഥിരീകരിച്ചു. സെക്രട്ടറി അവധിയിലായതിനാൽ അദ്ദേഹം വന്ന ശേഷം ഇതേക്കുറിച്ച് അന്വേഷിക്കു​മെന്നും അറിയിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലും കോഴിക്കോട് കലക്ട്റേറ്റിലും ചാത്തമംഗലം പഞ്ചായത്തിലും പരാതിപ്പെട്ടിരുന്നു. തുടർന്ന് വിഷയം അന്വേഷിക്കാൻ താലൂക്ക് തഹസിൽദാർക്ക് കൈമാറുമെന്ന് കോഴിക്കോട് ജില്ല കലക്ടറേറ്റിൽ നിന്നും അറിയിപ്പ് ലഭിച്ചതായും ശ്രീജിത്ത് പറഞ്ഞിരുന്നു.

പുള്ളാവൂര്‍ പുഴയില്‍ 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ വൈറലായി. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു കട്ടൗട്ട് വെച്ചത്. ഇതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി 40 അടി വലുപ്പമുള്ള നെയ്മറിന്റെ കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു.

അതിനിടെ, പുള്ളാവൂരിലെ ഫുട്‌ബോള്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഫിഫയും പങ്കുവെച്ചു. 'ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു' എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്. ഇതിന് ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറയുകയും ചെയ്തു. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാല്‍പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Tags:    
News Summary - Sreejith Perumana again complained against the football player cutout in Pullavoor river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.