അനസ് എടത്തൊടിക
zതിരുവനന്തപുരം: പൊലീസിലെ സ്പോട്സ് ക്വാട്ട നിയമന വിവാദത്തിനിടെ ദേശീയ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നിഷേധിച്ച് ആഭ്യന്തരവകുപ്പ് നൽകിയ മറുപടി വീണ്ടും ചർച്ചയാകുന്നു. കായികരംഗത്ത് സജീവമായി നിൽക്കുന്നവരെയും 25 വയസ്സിൽ കുറവുള്ളവരെയുമാണ് പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നതെന്നും അനസിന് 31 വയസ്സ് പൂർത്തിയായതിനാൽ ഹവിൽദാർ തസ്തികയിൽ പോലും നിയമനം നൽകാനാവില്ല എന്നുമാണ് 2020 ഡിസംബർ 27ന് ആഭ്യന്തരവകുപ്പ് നൽകിയ മറുപടി. എന്നാൽ, ഇപ്പോൾ 39 വയസ്സായ 1986ൽ ജനിച്ച ചിത്തരേഷ് നടേശന്റെ നിയമനത്തിന് ഈ മാനദണ്ഡം ബാധകമായില്ല.
സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള കായിക ഇനമായി അംഗീകരിക്കാത്ത ബോഡി ബിൽഡിങ് താരങ്ങൾക്ക് ചട്ടം മറികടന്ന് പൊലീസിൽ ഗസറ്റഡ് റാങ്കിൽ നേരിട്ട് നിയമനം നൽകാനുള്ള സർക്കാർ തീരുമാനത്തിനിടെയാണ് രാജ്യത്തിനു വേണ്ടി ഫുട്ബാൾ കളിച്ച അനസ്, റിനോ ആന്റോ, ഹാൻഡ്ബാൾ താരം എസ്. ശിവപ്രസാദ്, ചെസ് താരം എസ്.എൽ. നാരായൺ തുടങ്ങി നിരവധി താരങ്ങളെ തഴയുന്നത്.
ഇത് എന്റെ മാത്രം പ്രശ്നമായല്ല ഉന്നയിക്കുന്നത്. സർക്കാർ അംഗീകരിക്കേണ്ടവരെ അംഗീകരിക്കണം. ഇപ്പോൾ വിവാദമായ നിയമനങ്ങളിൽ ആ വ്യക്തികൾക്ക് ജോലി കിട്ടുന്നതിനോടല്ല എന്റെ എതിർപ്പ്. സാമ്പത്തിക നില നോക്കിയല്ല സച്ചിനും ധോണിക്കും മോഹൻലാലിനുമെല്ലാം സൈനിക റാങ്ക് കൊടുത്തത്. അതവർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ്. ദേശീയ താരം ഹവീൽദാർ തസ്തികക്ക് പോലും യോഗ്യനല്ല എന്ന് പറയുന്നതിലെന്ത് അർഥം.
150 ഓളം പേർക്കുള്ള തൊഴിലവസരം നഷ്ടമാകുമെന്ന് കരുതിയാണ് നിയമനടപടിക്ക് പോകാത്തത്. കോടതി സ്റ്റേ ഉത്തരവിട്ടാൽ സർക്കാർ സ്പോട്സ് ക്വാട്ട നിയമനം നിർത്തിയേക്കും. അതോടെ, മറ്റ് കായികതാരങ്ങളും അവരുടെ കുടുംബങ്ങളും എന്നെ ശത്രുവായി കാണും. ജോലിയെങ്കിലും കിട്ടിയാൽ മതിയെന്നു ചിന്തിക്കുന്ന നിരവധി പാവപ്പെട്ട മാതാപിതാക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.