തിരുവനന്തപുരം: കായിക മേഖലക്ക് സംസ്ഥാനത്ത് അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണെന്നുമുള്ള കായിക താരം അഞ്ജു ബോബി ജോർജിന്റെ ആരോപണത്തിന് മറുപടിയുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. കേരളത്തിൽ നിന്ന് വളർന്നുവന്ന കായിക താരമാണ് അഞ്ജു ബോബി ജോർജ്. അത് മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിമ്പിക്സിൽ കേരളത്തിൽ നിന്ന് താരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകും. അഞ്ജു ബോബി ജോർജിനെ പോലെ ഒരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തതാണ്.
കായിക വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഇതുവരെ 5000 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. മുതിർന്ന കായിക താരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്. അതിനൊക്കെ വിളിക്കുമ്പോൾ വരണം. സെമിനാറുകളിലും വർക് ഷോപ്പുകളിലും പങ്കെടുക്കണം. കായിക സംഘടനകളുടെ ഭാഗത്ത്നിന്ന് അപാകതകൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുകാലത്ത് രാജ്യത്തിന്റെ അത്‍ലറ്റിക് ഫാക്ടറി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ കായിക മേഖലയെ സംസ്ഥാന സർക്കാർ ഭയങ്കരമായി അവഗണിക്കുകയാണ് എന്നായിരുന്നു അഞ്ജു ബോബി ജോർജിന്റെ വിമർശനം. കായിക വകുപ്പ് ഭരിക്കുന്നവർ താൽപര്യമെടുത്താലേ ഇവിടെ എന്തെങ്കിലും സാധ്യമാവുകയുള്ളൂ. എന്നാൽ അത് ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റാണ് അഞ്ജു ബോബി ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.