കൊച്ചി: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് പെരുമ്പാവൂർ സബ് ഡിവിഷനിൽ. 130 കേസുകൾ രജിസ്റ്റർ ചെയ്തു, 155 പേർ അറസ്റ്റിലായി. ആലുവയിൽ 75 കേസുകളിലായി 101 പേർ അറസ്റ്റിലായി. ഈ കാലയളവിൽ 145 കിലോ കഞ്ചാവും പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽനിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തുഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ 330 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളിൽ നിന്നും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങൾ അടക്കം ആറു വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. തായ്‌ലൻഡിലേക്ക് ടൂറിസ്റ്റ് വിസ ചിലവടക്കം എടുത്തുകൊടുത്ത് അവിടെ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘമാണ് പൊലീസ് വലയിലായത്. കടത്തുകാരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ഇവിടെ നടന്നത്. പിടികൂടിയ കഞ്ചാവിന് 18 കോടിയോളം വില വരും. 35 ഗ്രാമോളം എം.ഡി.എം.എയാണ് ഓപ്പറേഷൻ തുഫാന്റെ ഭാഗമായി പിടികൂടിയത്. ഇതിൽ 24 ഗ്രാം അത്താണി ജങ്ഷനിൽ വെച്ച് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 790 ഗ്രാം ഹാഷിഷ് ഓയിലും 200 ഗ്രാം ഹെറോയിനും ഓപ്പറേഷൻ തുഫാന്റെ ഭാഗമായി പിടികൂടി.
ഹെറോയിൻ വിൽപന സംഘത്തിലെ പ്രധാന കണ്ണിയായ അസം നഗോൺ സ്വദേശി ഷെഫീഖുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. റെസിഡൻസ് അസോസിയേഷൻ, വ്യാപാരികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, ക്ലബുകൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.