പ്രതീകാത്മക ചിത്രം

ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം; സര്‍ക്കാര്‍ തീയറ്ററുകളില്‍ കാണാം

തിരുവനന്തപുരം: അർജൻറീനയും സ്പെയിനും ​ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. മന്ത്രി പി.സി. വിഷ്ണുനാഥ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു. സാധാരണ ടിക്കറ്റ് നിരക്കിൽ ആരാധകർക്ക് മത്സരം കാണാം.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്തുക. തിയറ്ററുകളിലെ രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദര്‍ശനമുണ്ടാകും. കോഴിക്കോട് കൈരളിയിലും ശ്രീയിലും പ്രദർശനം നടത്തും. കായിക പ്രേമികളുടെ അഭ്യർഥനയെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഫുട്ബാള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

മന്ത്രി പി.സി. വിഷ്ണുനാഥിന്റെ ഫേസ്ബുക് പോസ്റ്റ്

ലോകം കാത്തിരിക്കുന്ന ഫുട്ബോൾ രാവിനൊപ്പം സർക്കാറും. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഫുട്ബോൾ ലോകത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് സ്പെയിനും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ജൂലൈ 20ന് പുലർച്ചെ 12.30-ന് (ഇന്ത്യൻ സമയം) അമേരിക്കയിലെ ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഈ പോരാട്ടം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന കായിക മുഹൂർത്തമായിരിക്കും.

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ അഭ്യർത്ഥന മാനിച്ച്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള തെരഞ്ഞെടുത്ത തിയറ്ററുകളിൽ ഈ മത്സരം സാധാരണ ടിക്കറ്റ് നിരക്കിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം കൈരളി, ശ്രീ കോംപ്ലക്സിലും കോഴിക്കോട് കൈരളി, ശ്രീ കോംപ്ലക്സിലുമാണ് ഫൈനൽ മത്സരം പ്രദർശിപ്പിക്കുക. വലിയ സ്ക്രീനിൽ, നൂറുകണക്കിന് ആരാധകർക്കൊപ്പം ലോകകപ്പിന്റെ കലാശപ്പോരിന്റെ ആവേശം പങ്കിടാനുള്ള ഈ അവസരം ഫുട്ബോൾ പ്രേമികൾക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - 2026 FIFA World Cup final to be screened at Kerala state run theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.