‘കള്ളൻ വിജയൻ' എന്ന തലക്കെട്ട് തന്നെയാണ് ദേശാഭിമാനിയിൽ വരുന്നതിന് യോഗ്യതയുള്ളത്’ -വിവാദത്തിൽ പ്രതികരണവുമായി ജിന്റോ ജോൺ

​കൊച്ചി: വി.എസ്. അനുസ്മരണമുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാത്തതിനെച്ചൊല്ലി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. വി.എസിന്റെ ഓർമ്മകൾ പോലും ഭയക്കുന്ന പിണറായി വാഴ്ചയാണ് ദേശാഭിമാനിയി​ലെന്നും അതുകൊണ്ടാണ് ആ കമ്മ്യൂണിസ്റ്റിന്റെ കടലിരമ്പം പാർട്ടി പത്രത്തിൽ നിന്ന് അപ്രത്യക്ഷമായതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ദേശാഭിമാനി ഇപ്പോഴും പിണറായിയുടെ ഗോശാലയിലെ കോലായിൽ തന്നെയാണ് എഡിറ്റോറിയൽ മീറ്റിംഗ് നടത്തുന്നതെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. വി എസ്സും കോടിയേരിയുമെല്ലാം ദേശാഭിമാനിക്ക്‌ ഇപ്പോൾ അനുസ്മരിപ്പിക്കപ്പെടാൻ പോലുമുള്ള പ്രമുഖരല്ലത്രേ! പകരം ഉൾപ്പെട്ട 'കള്ളൻ വിജയൻ' എന്ന നാടകനിരൂപണ തലക്കെട്ട് തന്നെയാണ് സത്യത്തിൽ ദേശാഭിമാനിയിൽ വരുന്നതിന് അക്ഷരാർത്ഥത്തിൽ യോഗ്യതയുള്ളത്. കള്ളൻ വിജയന്റെ കടലാസിൽ സഖാവ് വി എസിന്റെ വിപ്ലവത്തിന്റെ ഓർമ്മകൾ അച്ചുനിരത്തപ്പെടില്ല!!’ -ജി​ന്റോ ജോൺ പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം ത്രസിപ്പിച്ച ആ വിപ്ലവകാരിയുടെ ഓർമ്മകൾ പാർട്ടി പത്രത്തിന്റെ വാരാന്ത്യന്തിൽ വന്നില്ലെങ്കിലാണ് വി.എസിന്റെ ഓർമ്മകൾക്ക് കൂടുതൽ ശോഭയുണ്ടാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് സപ്ലിമെന്റ് പ്രസിദ്ധീകരിക്കാത്തതെന്ന വിശദീകരണത്തോടെയാണ് ദേശാഭിമാനി പത്രം ഇന്ന് പുറത്തിറങ്ങിയത്. എന്നാൽ, ‘മുഴങ്ങുന്നിപ്പോഴും കടലിരമ്പം’ എന്ന വി.എസ്. അനുസ്മരണക്കുറിപ്പിന്റെ തലക്കെട്ടിലുള്ള ‘കടലിരമ്പവും’ ഉൾപ്പേജിൽ നാടകക്കാരനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലെ ലേഖനവുമാണ് അവസാന നിമിഷം വാരാന്തപ്പതിപ്പ് മാറ്റിവെക്കാൻ കാരണമെന്നാണ് ആരോപണം. പാർട്ടി നിർദേശപ്രകാരമാണ് ഞായറാഴ്ചയിലെ വാരാന്തപ്പതിപ്പിന്‍റെ കവർ പേജ് വി.എസ്. അനുസ്മരണത്തിനായി നീക്കിവെച്ചത്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരന്റേതായിരുന്നു ലേഖനം.

സപ്ലിമെന്റ് പൂർത്തിയായ ഘട്ടത്തിലാണ് ഒന്നാം പേജ് ലേഖനത്തിലെ ‘കടലിരമ്പം’ എന്ന വാക്ക് സി.പി.എം മറക്കാൻ ആഗ്രഹിക്കുന്ന പാർട്ടി വിഭാഗീയതാകാലത്തെ ‘ബക്കറ്റിലെ വെള്ളവും’ ‘ഗോർബച്ചേവുമാരുടെ കാലത്തെ വറ്റിവരണ്ട കടലു’മടക്കം വിവാദപരാമർശങ്ങളിലേക്കുള്ള സൂചനയാണെന്ന വിലയിരുത്തലുണ്ടായത്.

വാരാന്തപ്പതിപ്പിന്റെ ഉൾപ്പേജിൽ വെഞ്ഞാറമൂട്ടിലെ പ്രശസ്ത നാടകപ്രവർത്തകനായ വിജയൻ എന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ടാണ് മറ്റൊരു പ്രശ്നം. നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് കാരണം ‘കള്ളൻ വിജയൻ’ എന്ന പേരിലായിരുന്നു നാടകക്കാരൻ അറിയപ്പെട്ടിരുന്നത്. ‘കള്ളൻ വിജയൻ, നടനഗ്രാമം, വെഞ്ഞാറമൂട് പി.ഒ’ എന്ന വിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും അദ്ദേഹത്തിന് കൃത്യമായി ലഭിച്ചിരുന്നു. ഈ കത്തിലെ വിലാസം തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടായി നിശ്ചയിച്ചിരുന്നതും.

എന്നാൽ, ഒന്നാം പേജിലെ ‘കടലിരമ്പവും’ നാലാം പേജിലെ ലേഖനത്തിലെ ‘കള്ളൻ വിജയൻ’ എന്ന പ്രയോഗവും ഒരേ സപ്ലിമെന്റിൽ വന്നത് ദുർവ്യാഖ്യാനങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലുമുണ്ടായി. ഇതാണ് സപ്ലിമെന്റ് പുറത്തിറങ്ങാത്തതിന് കാരണമെന്നാണ്​ സൂചന. ഒന്നാം ചരമവാർഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, സപ്ലിമെന്റ് മാറ്റിവെച്ചത് വി.എസിനോടുള്ള അവഹേളനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം ഇത്തരം പ്രചാരണങ്ങളെ പൂർണമായും നിഷേധിച്ചും സാങ്കേതിക കാരണങ്ങളാലാണ് വാരാന്ത്യം പ്രസിദ്ധീകരിക്കാത്തതെന്ന് ആവർത്തിച്ചും ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജ് രംഗത്തെത്തി.

യാതൊരു അടിസ്ഥാനവുമില്ലാതെ ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്തതെന്നും ഇത് പൂർണമായും തെറ്റാണെന്നും എം. സ്വരാജ് എറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിൽ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽനിന്നാണ് പത്രം അച്ചടിക്കുന്നത്. ഇതുമൂലം സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. അതിന്റെ അർഥം ഇത് ഒഴിവാക്കി എന്നല്ല. തിങ്കളാഴ്ചയിലെ പത്രത്തോടൊപ്പം സപ്ലിമെന്റ് ഉണ്ടാകും. 21-ന്റെ പത്രത്തിലും വി.എസ്. അനുസ്മരണത്തിനായി പേജുമുണ്ടാകും. വി.എസിനെപ്പോലെ ഒരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dr. Jinto John responds to controversy over Deshabhimani not published with VS memorial issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.