ഓപറേഷൻ തൂഫാൻ: സമസ്ത കാമ്പയിന് നാളെ തുടക്കം

തിരുവനന്തപുരം: ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡ് പ്രഖ്യാപിച്ച ദ്വൈവാര സ്പെഷ്യൽ കാമ്പയിന് തിങ്കളാഴ്ച തുടക്കം. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം നാലിന്​ വിഴിഞ്ഞത്ത് മന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിക്കും.

സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം.അബ്ദുൽ ഖാദർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും.

നേരത്തെ ഓപറേഷൻ തൂഫാന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിക്കുകയും ചെയ്തു. ലഹരിവിരുദ്ധ പോരാട്ടത്തിന് സമസ്തയുടെ പൂർണ പിന്തുണയുണ്ടെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. ഓപറേഷൻ തൂഫാൻ താൽക്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതൽ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

ലഹരിക്കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ഏകോപിത സംവിധാനവും ദേശീയ ഏജൻസികളുടെ സഹകരണവും ഉറപ്പുവരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കര, നാവിക, വ്യോമസേനകൾ, കോസ്റ്റ് ഗാർഡ്, വിമാനത്താവള-തുറമുഖ അധികാരികൾ എന്നിവരുമായി സഹകരിച്ചുള്ള ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 

Tags:    
News Summary - Operation Toofan: Samastha campaign to begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.