തൃശൂര്‍: സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ദിവസ വേതനക്കാരുടെയും കരാര്‍ ജീവനക്കാരുടെ വേതനം പരിഷ്കരിച്ചപ്പോള്‍ ഒരു വിഭാഗം പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. സാമൂഹിക നീതി വകുപ്പിന്‍െറ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ഓഡിയോളജിസ്റ്റുകളും സ്പീച്ച് തെറപ്പിസ്റ്റുകളുമാണ് വേതന പരിഷ്കരണ പട്ടികയില്‍നിന്നുതന്നെ പുറത്തായത്. ഒരു വര്‍ഷത്തോളം മുമ്പ്, 2016 ഫെബ്രുവരി 26നാണ് ദിവസ വേതനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും വേതനം പുതുക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതിലെ കാറ്റഗറി 10ല്‍ ഉള്‍പ്പെടേണ്ട ഓഡിയോളജി, സ്പീച്ച് തെറപ്പിസ്റ്റുകളെപ്പറ്റിയാണ് പരാമര്‍ശം പോലും ഇല്ലാതായത്. അതേസമയം, ഫിസിയോ തെറപ്പിസ്റ്റുകള്‍ ഉള്‍പ്പെടുകയും ചെയ്തു.
ദിവസ വേതനം 1075 രൂപയായും പ്രതിമാസം പരമാവധി 32,250 രൂപയായും ഉയര്‍ത്തിയിരുന്നു. കരാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 32,300 രൂപയായും കഴിഞ്ഞ പരിഷ്കരണത്തില്‍ ഉയര്‍ത്തി. എന്നാല്‍, ഇതിന്‍െറ നേട്ടം സ്പീച്ച്, ഓഡിയോ തെറപ്പിസ്റ്റുകള്‍ക്ക് കിട്ടിയില്ല. ഈ വിഭാഗത്തെപ്പറ്റി വേതന പരിഷ്കരണ പട്ടികയില്‍ പരാമര്‍ശം ഇല്ലാതെ പോയത് എങ്ങനെയെന്ന് ആര്‍ക്കും വ്യക്തമല്ല. ഈ വിഭാഗക്കാര്‍ അംഗങ്ങളായി ഇന്ത്യന്‍ സ്പീച്ച് ലാംഗ്വേജ് ആന്‍ഡ് ഹിയറിങ് അസോസിയേഷന്‍ കേരള സ്റ്റേറ്റ് ബ്രാഞ്ച് എന്ന സംഘടനയുണ്ടെങ്കിലും അവരും വിഷയം ഉയര്‍ത്തിയില്ല. ഇതോടെ, സംസ്ഥാനത്ത് നൂറു കണക്കിന് പേര്‍ക്കാണ് വേതന വര്‍ധന നടപ്പാവാതെ പോയത്. ഇതു സംബന്ധിച്ച് ആരോഗ്യ-സാമൂഹിക നീതി വകുപ്പുമന്ത്രി കെ.കെ. ശൈലജക്ക് ജീവനക്കാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
അതേസമയം, ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് അനുവദിച്ച വേതന വര്‍ധന സംസ്ഥാനത്തെ രണ്ട് പ്രധാന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് കിട്ടിയതുമില്ല. തൃശൂര്‍ കല്ളേറ്റുങ്കരയിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍.ഐ.പി.എം.ആര്‍), തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) എന്നിവയിലാണ് വേതന വര്‍ധന നടപ്പാക്കാത്തത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.