പത്തനംതിട്ട: ശബരിമല സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയും സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപ്പണികൾക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശിൽപപാളികളും ഇവർ പരിശോധിച്ചതായാണ് വിവരം.
പാളികളിൽ സ്വർണംപൂശിയ ചെന്നൈ സ്മാർട്സ് ക്രിയേഷൻ അധികൃതരും ഞായറാഴ്ച സന്നിധാനത്ത് എത്തിയിരുന്നു. പഴയ ശ്രീകോവിൽ വാതിൽ, കട്ടിള ഉൾപ്പടെയുള്ള മറ്റു വസ്തുക്കളുടെയും കണക്കെടുത്തു. ഇവയുടെ വിശദ പട്ടികയും തയാറാക്കി. ഓരോ വസ്തുക്കളുടെയും ഭാരമടക്കം ശേഖരിച്ച് രേഖപ്പെടുത്തുന്നുമുണ്ട്. ശനിയാഴ്ച പരിശോധനയുടെ ആദ്യഘട്ടമെന്ന നിലയിൽ രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കുകയാണ് ചെയ്തത്.
രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മിൽ വൈരുധ്യമുള്ളതായി കണ്ടെത്തിയതായാണ് സൂചന. ഇതോടെ ഞായറാഴ്ച ഓരോ വസ്തുക്കളും പ്രത്യേകമായി പരിശോധിച്ചു. സന്നിധാനത്തെ താൽക്കാലിക സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ടാണ് തയാറാക്കുന്നത്. തിങ്കളാഴ്ചയും സംഘം സന്നിധാനത്തുണ്ടാകും. ഇവിടുത്തെ പരിശോധന പൂർത്തിയാക്കിയശേഷമാകും ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂമിലെ കണക്കെടുപ്പ്.
അതിനിടെ, ശബരിമല സ്വർണത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘവും സന്നിധാനത്ത് എത്തി. വിവാദവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകൾ സംഘത്തിന് ദേവസ്വം വിജിലൻസ് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖകൾ പ്രത്യേക അന്വേഷണസംഘത്തിന് നൽകിയത്. മൂന്നംഗസംഘം ഉച്ചയോടെയാണ് ശബരിമലയിലെത്തിയത്. സന്നിധാനത്ത് ഇവർ തെളിവെടുപ്പും നടത്തി. ദ്വാരപാലക ശിൽപപാളികളുടെ ഭാരമടക്കമുള്ള കണക്കുകളും ഇവർ ശേഖരിച്ചു. വിവിധ രേഖകളുടെ പരിശോധനകളും നടത്തി. മറ്റൊരുസംഘം ചെന്നൈയിലെ സ്മാർട്സ് ക്രിയേഷൻ ആസ്ഥാനത്ത് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.