തിരുവനന്തപുരം: വിദേശങ്ങളിൽനിന്ന് മടങ്ങുന്ന പ്രവാസികളിൽ വിമാനത്താവളത്തിലെ സ്ക്രീനിങ്ങിൽ രോഗലക്ഷണമില്ലെന്ന് കണ്ടെത്തുന്നവർക്ക് പുറത്തിറങ്ങാൻ പ്രത്യേക വഴി ഒരുക്കും. ഇൗ വഴിയിലൂടെ വീടുകളിലേക്ക് അയക്കണമെന്നാണ് നിർദേശം. കോവിഡ് സ്ക്രീനിങ്ങിനായി വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കണമെന്നും ഉത്തരവിലുണ്ട്.
ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചാകണം സ്ക്രീനിങ്. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. നിരീക്ഷണകേന്ദ്രത്തിൽ കഴിയുേമ്പാൾ പരിശോധന ഫലം പോസിറ്റിവാണെങ്കിൽ കോവിഡ് സെൻററുകളിലേക്ക് മാറ്റണം. വീടുകളിൽ 14 ദിവസം ക്വാറൻറീനിൽ കഴിയണം.
പ്രവാസി തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ചെയർപേഴ്സെൻറ അധ്യക്ഷതയിൽ കമ്മിറ്റി രൂപവത്കരിക്കാൻ ഉത്തരവിട്ടുണ്ട്.
വീട്ടുകാരും മുൻകരുതൽ എടുക്കണം
മടങ്ങിവരുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ക്വാറൻറീൻ സൗകര്യം ഉറപ്പുവരുത്തണം. പ്രത്യേക മുറിയും ബാത്ത്റൂം, ടോയ്ലറ്റ് എന്നിവയും വേണം. ഇൗ സൗകര്യമില്ലാത്ത വീടാണെങ്കിൽ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റണം. ഇവരിൽനിന്ന് വീട്ടിൽ പെെട്ടന്ന് രോഗബാധയേൽക്കാൻ സാധ്യതയുള്ളവരുണ്ടെങ്കിൽ പ്രവാസികൾ വേറെ താമസിക്കണം. ഇങ്ങനെ മാറുന്നവർക്ക് ഹോട്ടലിൽ പ്രത്യേക മുറിയിൽ താമസിക്കണമെന്നുണ്ടെങ്കിൽ അവരുടെ ചെലവിൽ സൗകര്യം ഒരുക്കണം. ഇത്തരക്കാരെ താമസിപ്പിക്കാൻ രോഗലക്ഷണമുള്ളവരെ പാർപ്പിക്കുന്ന കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലയിലും കണ്ടെത്താൻ ജില്ല ഭരണകൂടങ്ങൾക്ക് നിർദേശമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും ക്വാറൻറീൻ
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരിൽ ആരോഗ്യ പ്രശ്നമില്ലാത്തവർക്കും വീട്ടിൽ ക്വാറൻറീൻ നിർബന്ധം. ക്വാറൻറീന് പ്രത്യേക മുറി ഉൾപ്പെടെ വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്കുള്ള മാനദണ്ഡങ്ങളെല്ലാം ഇവർക്കും ബാധകമാണ്. നിശ്ചിത സംസ്ഥാന അതിർത്തികളിൽ എത്തുന്നവരെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരുണ്ടെങ്കിൽ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.