ഭരണഘടന തകർക്കാനും അന്തസ്സത്ത ഇല്ലാതാക്കാനും ശ്രമമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ

തിരുവനന്തപുരം: ഭരണഘടന തകർക്കാനും അന്തസ്സത്ത ഇല്ലാതാക്കാനും ശ്രമങ്ങൾ നടന്നുവരികയാണെന്ന്​ സ്പീക്കർ എ.എൻ. ഷംസീർ. ഭരണഘടനയിൽ മൗലിക മാറ്റങ്ങൾ പറ്റില്ലെന്ന് സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും ഭൂരിപക്ഷം ആയുധമാക്കിയാണ് ഭരണഘടന മാറ്റിയെഴുതാൻ ശ്രമം നടക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഭരണഘടന ദിനത്തിൽ നിയമസഭ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച 'ഭരണഘടന മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണിന്ന്. ജനങ്ങൾക്കിടയിൽ ഭയവും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യംവെച്ചാണെന്ന് ചിന്തിക്കണം. അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേണ്ടതുണ്ട്. ആ കൂടിയാലോചനകൾ ഇല്ലാതെയാണ് തൊഴിൽ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ പോകുന്നത്. ഇത് ജനാധിപത്യമല്ല ഏകാധിപത്യമാണെന്ന് സ്പീക്കർ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. മുൻ നിയമസഭ സെക്രട്ടറിയും ന്യൂയാൽസ് മുൻ വി.സിയുമായ ഡോക്ടർ എൻ.കെ. ജയകുമാർ വിഷയം അവതരിപ്പിച്ചു. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, കുടുംബശ്രീ കോഓഡിനേറ്റർ ബി. നജീബ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Speaker A.N. Shamseer said that there is an attempt to destroy the constitution and destroy its dignity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.