വേറിട്ട തിരക്കഥകൾ ഒരുക്കിയ ശ്രീനി

സംവിധായക സ്വപ്നവുമായി മദിരാശിയിലെത്തി ഞാൻ 1979ലാണ് ശ്രീനിവാസനെ കാണുന്നത്. ഉമ ലോഡ്ജിലായിരുന്നു താമസം. രണ്ട് സ്ട്രീറ്റിനപ്പുറം ശ്രീനിയും താമസിച്ചിരുന്നു. എന്നും വൈകീട്ട് രാം തിയറ്ററിന് അടുത്തുള്ള മുറുക്കാൻ കടയിൽ വെച്ച് കാണും. അന്ന് മലയാള പത്രങ്ങൾ വൈകീട്ടാണ് മദിരാശിയിലെത്തിയിരുന്നത്. ഞാനും ശ്രീനിയും പത്രം വായിക്കാൻ അവിടെയെത്തും. ശ്രീനിവാസൻ അപ്പോഴേക്കും സംഘഗാനം, മണിമുഴക്കം, മേള എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇതിന്റെ റീറെക്കോഡിങ്ങിനും ഡബ്ബിങ്ങിനുമായി ആർ.കെ. ലാബിലും കാണും. ഈ കൂടിക്കാഴ്ചകൾക്കിടെ സിനിമയും ചർച്ചയാകും. പതിയെ ശ്രീനിവാസൻ പ്രിയദർശന്റെയും സത്യൻ അന്തിക്കാടിന്റെയുമെല്ലാം തിരക്കഥാകൃത്തായി മാറി. ഞാനും സംവിധാനത്തിലേക്ക് തിരിഞ്ഞു. ജോൺ പോളും മറ്റുമൊക്കെയാണ് എനിക്കായി എഴുതിയിരുന്നത്. കുറച്ചു വർഷങ്ങൾ അങ്ങനെ പോയി.

പാവം പാവം രാജകുമാരനും ശ്രീനിയും ലൗലെറ്ററും

1980കളുടെ അവസാനം ’പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ സിനിമയുടെ പ്രവർത്തനങ്ങളുമായി ഞാൻ ഷൊർണൂരിലുണ്ടായിരുന്നു. ശ്രീനിവാസൻ ആ സമയത്ത് പാലക്കാട്ടുണ്ട്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങളി’ൽ ഒരു വേഷം ചെയ്യാൻ ഞാൻ പാലക്കാട് പോയി ശ്രീനിവാസനെ കണ്ടു. ചിത്രത്തിൽ ജഗതി ശ്രീകുമാർ ചെയ്ത വേഷത്തിനാണ് ശ്രീനിവാസനെ കണ്ടത്. അപ്പോൾ അദ്ദേഹം മറ്റൊരു സിനിമയുടെ തിരക്കിലായതിനാൽ അഭിനയിക്കാനായില്ല. തുടർന്നാണ് ശ്രീനിയും ഞാനും ‘പാവം പാവം രാജകുമാരനു’വേണ്ടി ഒന്നിക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണ് സിനിമക്കുവേണ്ടി ഇരുന്നത്. ശ്രീനിയുടെ നാട്ടിലായിരുന്നു അന്ന് താമസിച്ചത്. തലശ്ശേരിയിലെ ഹോട്ടലിലും കണ്ണൂർ ബീച്ചിന് സമീപത്തെ ഗസ്റ്റ് ഹൗസിലുമൊക്കെ ഇരുന്നായിരുന്നു ചർച്ച. തന്റെ നാട്ടിലെ ഒരാളുടെ അനുഭവം ശ്രീനി പറഞ്ഞു. പ്രണയലേഖനം െകാടുത്ത് പറ്റിച്ച ആ സംഭവത്തെ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രമിറങ്ങിയശേഷം എന്റെ നാട്ടിലും ഇതുപോലെ ഒരു സംഭവമുണ്ടായതായി അറിഞ്ഞു. അയാളുടെ കഥയാണ് സിനിമയാക്കിയതെന്നുള്ള വർത്തമാനവുമുണ്ടായിരുന്നു. എന്നാൽ, സിനിമ റിലീസിനുശേഷമാണ് ഞാൻ ഈ കഥ അറിയുന്നത്.

ചമ്പക്കുളം തച്ചൻ, മഴയെത്തുംമുമ്പേ, അഴകിയ രാവണൻ

ആക്ഷേപഹാസ്യവും മധ്യവർഗപ്രശ്നങ്ങളും സിനിമകളിലൂടെ പറഞ്ഞിരുന്ന ശ്രീനിവാസന്റെ വ്യത്യസ്തമായ തിരക്കഥകൾ സ്ക്രീനിലെത്തിക്കാൻ ഭാഗ്യം ലഭിച്ച സംവിധായകനാണ് ഞാൻ. ഞങ്ങൾ ഒരുമിച്ച ചമ്പക്കുളം തച്ചൻ, മഴയെത്തുംമുമ്പേ, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങൾ ശ്രീനിയുടെ വേറിട്ട രചനാപാടവം കൂടി വെളിപ്പെടുത്തുന്നതാണ്. പാവം പാവം രാജകുമാരനു ശേഷം കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം എന്ന ആശയം ശ്രീനിയാണ് മുന്നോട്ടുവെച്ചത്. ഞങ്ങൾക്ക് രണ്ടു പേർക്കും കുട്ടനാടുമായി വലിയ ബന്ധമില്ല. പിന്നെ എങ്ങനെ ഒരുക്കുെമന്ന ചോദ്യത്തിന് അങ്ങോട്ട് പോകാമെന്നായിരുന്നു മറുപടി. കുട്ടനാട്ടുകാരനായ രൺജി പണിക്കരാണ് കുട്ടനാട്ടിലെ പാടത്തും കായലിലും ഒക്കെ പോകാൻ സൗകര്യമൊരുക്കിയത്. ഒരു പെൺകുട്ടിയുടെ ആത്മസംഘർഷത്തിലൂടെയുള്ള യാത്രയായ ‘മഴയെത്തുംമുമ്പേ’ മനോഹരമായാണ് എഴുതിയത്. ഏറ്റവും മികച്ച പ്രണയചിത്രം എന്നുകൂടി ഞാൻ കരുതുന്ന ‘അഴകിയ രാവണനും’ ശ്രീനിയുടെ വേറിട്ട രചനാവൈഭവത്തിന്റെ തെളിവാണ്. പിന്നീട് ഞങ്ങൾ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലൂടെ പൂർണ ഹാസ്യത്തിലേക്ക് തിരിച്ചുവന്നു.

‘ഏയ്റ്റീസ് മദ്രാസ് മെയിലും’ അവസാന സംഗമവും

1980കളുടെ തുടക്കത്തിൽ മദ്രാസിൽ താമസിച്ചിരുന്ന നടീനടന്മാർ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെല്ലാം ഉൾക്കൊള്ളുന്ന വാട്സ്ആപ് ഗ്രൂപ്പാണ് ഏയ്റ്റീസ് മദ്രാസ് മെയിൽ. ഞാനും ശ്രീനിയുമൊക്കെ ഈ കൂട്ടത്തിലുണ്ട്. കുറച്ചുമാസങ്ങൾ മുമ്പ് ഞങ്ങൾ കൂടിയിരുന്നു. എറണാകുളത്ത് നടന്ന ആ കൂടിക്കാഴ്ചയിലാണ് ദീർഘമായി സംസാരിച്ചത്. ശ്രീനിയുമായി ഒരുപാട് നേരം അന്ന് സംസാരിച്ചു. സംസാരത്തിന് പ്രയാസം നേരിട്ടപ്പോഴും ആ കൂടിച്ചേരലിൽ ശ്രീനി ഏറെ സന്തോഷവാനായിരുന്നു. 

Tags:    
News Summary - Kamal remembers Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.