കെ. രാജൻ
തൃശൂർ: പട്ടയത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പാലക്കാട്, അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ഷോളയൂർ മുൻ വില്ലേജ് ഓഫിസർക്കെതിരെ നടപടി. ജിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ദരിദ്രരായ പൊതുജനങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസറായ ഇ.എസ്. അജിത്ത്കുമാറിനെതിരെയാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ച് ഉത്തരവായത്. ഇ.എസ്. അജിത്ത്കുമാർ ഭീമമായ തുക കൈക്കൂലി കൈപ്പറ്റുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസിൽ സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പിലെ സംസ്ഥാനതല ഇൻസ്പെക്ഷൻ സംഘം പരിശോധന നടത്തിയത്.
അന്വേഷണത്തിൽ ആരോപണം സാധൂകരിക്കുന്നതായി ബോധ്യമായി. പഴയ റിക്കാർഡുകൾ, ഫയലുകൾ, അപേക്ഷകൾ എന്നിവ തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തീരെ അടുക്കും ചിട്ടയുമില്ലാതെ വില്ലേജ് ഓഫീസിന്റെ തറയിൽ വാരിവലിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. വില്ലേജ് മാനുവൽ പ്രകാരമുള്ള ഒരുവിധ രജിസ്റ്ററുകളും വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിട്ടില്ല എന്നും അപേക്ഷാ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ പൊതുജനങ്ങൾ നൽകുന്ന അപേക്ഷകൾ വില്ലേജ് ഓഫീസിൽ ഏത് തീയതിയിൽ ലഭിച്ചു എന്നോ അതിൽ എന്ത് നടപടി സ്വീകരിച്ചു എന്നോ അറിയാൻ കഴിയുന്നില്ലെന്നും കണ്ടെത്തി.
മേലുദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടുകളിന്മേൽ വില്ലേജ് ഓഫീസർ തുടർ നടപടി സ്വീകരിച്ചതായി കാണുന്നില്ല, സമയബന്ധിതമായി വില്ലേജ് വികസന സമിതി കൂടുന്നില്ല, വില്ലേജ് ജീവനക്കാർ ഓഫീസ് സമയത്തു സ്വകാര്യവ്യക്തികളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്താനായി പോകുന്നുണ്ട്, അതിനു അനർഹമായ പ്രതിഫലം പറ്റുന്നതായും വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗത്തിനായി വില്ലേജ് അസിസ്റ്റന്റിനെ ഏല്പിച്ചിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് 2023 സെപ്തംബർ 23ന് സേവനത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരെ ചുമതലപ്പെടുത്തി. ഇ.എസ്. അജിത്ത്കുമാറിെൻറ ഭാഗത്ത് നിന്നും ഗൗരവമായ വീഴ്ചകൾ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകി. പ്രതിവാദത്തിൽ ഇ.എസ്. അജിത്ത്കുമാർ പട്ടയം അനുവദിക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുള്ള ആരോപണം അടക്കം നിഷേധിച്ചിരുന്നു. പട്ടയ ആവശ്യത്തിന് അപേക്ഷിച്ചപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പിന്നീട് തുക 17,000 കുറവ് ചെയ്തെന്നും കാണിച്ച് പരാതിക്കാരൻ ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു.
തുടർന്ന് തൃശൂർ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഔപചാരിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകിയ പരാതിക്കാരായ വിൻസെൻ്റ്, അച്യുതൻ,ജോൺസിംഗ് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥൻ നേരിൽ കേട്ടിരുന്നു. ഷോളയൂർ വില്ലേജ് സർവേ 937-ൽപെട്ട 1.2100 ഹെക്ടർ സ്ഥലത്തിൻ്റെ (3 ഏക്കർ സ്ഥലം) പട്ടയത്തിന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകുകയും പലപ്രാവശ്യം നടത്തിക്കുകയും ചെയ്തുവെന്നും ഇവിടെ ഒരേക്കർ സ്ഥലത്തിന് 15 ലക്ഷം രൂപ വിലയുണ്ടെന്നും പട്ടയം ലഭിച്ചാൽ മൂന്ന് എക്കർ സ്ഥലത്തിന് 45 ലക്ഷം രൂപ ലഭിക്കുമെന്നും അതുകൊണ്ട് ഒരു ലക്ഷം രൂപ തനിയ്ക്ക് തന്നാൽ മാത്രമേ പട്ടയത്തിനു ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുവെന്നും വില്ലേജ് ഓഫിസർ അജിത് കുമാർ പറഞ്ഞു. ഇക്കാര്യം വാർത്ത വന്നതോടെ സർട്ടിഫിക്കറ്റ് നൽകി. വ്യാപകമായ പരാതികൾ ഈ വില്ലേജ് ഓഫീസറെക്കുറിച്ച് ജനങ്ങൾക്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു.
ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിൽ ഗുരുതര വീഴ്ചയാണ് വില്ലേജ് ഓഫിസർ നടത്തിയതെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നിവ ഗുരുതര കുറ്റങ്ങൾ വില്ലേജ് ഓഫിസർ ചെയ്തുവെന്ന് കണ്ടെത്തി. അതിനാൽ, ഷോളയൂർ വിജിലെ മുൻ വില്ലേജ് ഓഫീസർ ഇ.എസ്.അജിത്ത്കുമാറിൻ്റെ മൂന്ന് വാർഷിക വേതന വർദ്ധനവുകൾ സഞ്ചിത ഫലത്തോടെ തടയുവാൻ ഉത്തരവായി. താലൂക്കിലെ ആറു വില്ലേജുകളിലായി 1050 പട്ടയങ്ങളാണ് വിതരണം െ. ചയ്യാൻ തയ്യാറാക്കായത്. പട്ടയത്തിന് ഒരു ലക്ഷം രൂപ കൈക്കൂലിയെന്നത് നാട്ടിൽ പാട്ടാണ്.
അതേസമയം, ഭൂമി സർവേ നമ്പർ സഹിതം റെലിസ് പോർട്ടലിൽ രേഖപ്പെടുത്തി ഉടമസ്ഥത ഉറപ്പാക്കുകയാണ് റവന്യു വകുപ്പ് ഇപ്പോൾ ചെയ്യുന്നത്. റവന്യൂ വകുപ്പിന്റെ ഈ നടപടി പൂർത്തിയാകുന്നതോടെ അട്ടപ്പാടിയിലെ ആയിരക്കണക്കിന് ആദിവാസികൾ ഭൂരഹിതരായി തീരുമെന്നാണ് ആശങ്ക. ഇക്കാര്യം കെ.കെ.രമ എംഎൽഎ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിട്ടും മന്ത്രി കെ. രാജൻ വിഷയം പരിഗണിച്ചില്ല. ഡിജിറ്റൽ സർവേ അവസാനിക്കുന്നതോടെ വ്യാജരേഖകൾ എല്ലാം ഒറിജിനലായി മാറും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.