കമൽ, ശ്രീനിവാസൻ, ലോഹിതദാസ്, സത്യൻ അന്തിക്കാട്

വാക്ക് മുറിഞ്ഞ് ശ്രീനിയുടെ സത്യൻ

ന്നും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. നിങ്ങൾക്കെല്ലാമറിയാം ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം. ഞാൻ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാൻ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചിരുന്നു. അതിനിടയിൽ പുള്ളി ഒന്ന് വീണു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സർജറിയൊക്കെ കഴിഞ്ഞു. ഞാൻ വിളിച്ചപ്പോൾ പറഞ്ഞു. ഇരുന്ന് തുടങ്ങി, വാക്കറിൽ നടക്കാൻ പറ്റുമെന്നാണ് വിചാരിക്കുന്നത്. ഞാൻ എപ്പോഴും പുള്ളിയെ ഒന്ന് ‘ചാർജ്’ ചെയ്യും. കഴിഞ്ഞ തവണ എന്നോട് പറഞ്ഞു, എനിക്ക് മതിയായി. ഞാൻ പറഞ്ഞു, അതൊന്നും നോക്കിയിട്ട് കാര്യമില്ല. തിരിച്ചുവരാം. ഈ തെരഞ്ഞെടുപ്പ് കാലത്ത് ‘സന്ദേശം’ വീണ്ടും ചർച്ചയായപ്പോൾ ഞാൻ പുള്ളിയോട് പറഞ്ഞു. സത്യൻ അന്തിക്കാട് വിതുമ്പലോടെ സംസാരം അവസാനിപ്പിച്ചു.

രണ്ടു ശരീരം, ഒരു ഹൃദയതാളം

കണ്ണൂരുകാരൻ ശ്രീനിവാസനും അന്തിക്കാടുകാരൻ സത്യനും ഒരേ ജീവിതസാഹചര്യത്തിൽ വളർന്നവരാണെങ്കിലും പുറമേക്ക് സമാനതകൾ കുറവാണ്. എന്തും വെട്ടിത്തുറന്ന് പറഞ്ഞ് ശത്രുക്കളെ ഉണ്ടാക്കിയെടുക്കാൻ ശ്രീനിവാസൻ മിടുക്കനായിരുന്നെങ്കിൽ പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ ശീലം. സാധാരണ മലയാളിയുടെ ജീവിതത്തിന്റെ പകർപ്പെഴുത്തുകളായിരുന്നു പല ചിത്രങ്ങളും.

80,000 രൂപ പ്രതിഫലം

മലയാളി ആഘോഷമാക്കിയതാണ് ‘സന്ദേശം’ എന്ന സിനിമ. ചിത്രത്തിന്റെ തിരക്കഥക്കൊപ്പം നടനായും ശ്രീനിവാസനുണ്ട്. ‘നാടോടിക്കാറ്റും’ ‘വരവേൽപ്പും’ ‘ഗാന്ധിനഗറും’ അടക്കം സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷമാണ് ശ്രീനി ‘സന്ദേശം’ എഴുതിയത്. രചനക്കും അഭിനയത്തിനുംകൂടി ആവശ്യപ്പെട്ടത് 80,000 രൂപ മാത്രമാണ്. പകുതിപോലും വിജയിക്കാത്ത ചിത്രങ്ങളുടെ രചയിതാക്കൾ രണ്ടും മൂന്നും ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന സമയത്താണിത്. ശ്രീനിയുടെ പ്രതിഫലം വല്ലാതെ കുറഞ്ഞുപോയെന്നൊരു തോന്നലിൽ അക്കാര്യം ഒാർമിപ്പിച്ചു. ‘അതെനിക്കറിയാം, ചോദിച്ചാൽ കൂടുതൽ കിട്ടുമെന്നും അറിയാം. പക്ഷേ, ഞാൻ ചെയ്ത ജോലിക്ക് ഇതുമതിയെന്ന് ഞാനങ്ങ് തീരുമാനിച്ചു. എന്റെ പ്രതിഫലത്തിന്റെ വലുപ്പം നോക്കിയല്ലല്ലോ ജനങ്ങൾ സിനിമ കാണാൻ കയറുന്നത്’ എന്നായിരുന്നു ശ്രീനിയുടെ മറുപടി.

ശ്രീനിയുടെ അച്ഛന്റെ അനുഭവം ‘വരവേൽപ്’ ആയി

‘വരവേൽപ്’ എന്ന സിനിമ യഥാർഥത്തിൽ ശ്രീനിവാസന്റെ അച്ഛന്റെ അനുഭവംതന്നെയാണ്. തികഞ്ഞ കമ്യൂണിസ്റ്റായിരുന്ന അച്ഛൻ കഷ്ടപ്പെട്ടും കടം മേടിച്ചും ഒരു ബസ് വാങ്ങിയപ്പോൾ പെട്ടെന്ന് മുതലാളിയായി മുദ്ര കുത്തപ്പെട്ടു. തുടർന്ന് തൊഴിലാളികളും യൂനിയൻകാരുമെല്ലാം ചേർന്ന് അദ്ദേഹത്തെ കുത്തുപാളയെടുപ്പിച്ച സംഭവമാണ് ശ്രീനി പറഞ്ഞത്. കേട്ടപ്പോൾ അതിലൊരു സിനിമക്കുള്ള സാധ്യതയുണ്ടെന്ന് സത്യൻ അന്തിക്കാടിന് തോന്നി. ഗൗരവമേറിയ വിഷയമായി അവതരിപ്പിച്ചാൽ ശരിയാകില്ലെന്ന് ബോധ്യമായപ്പോൾ ശ്രീനി തന്നെയാണ് തമാശെകാണ്ട് പൊതിയാമെന്ന് പറഞ്ഞത്. ഇതോടെയാണ് മോഹൻലാലിന്റെ ‘മുരളി’ പ്രേക്ഷകമനസ്സിൽ പതിഞ്ഞതും.

ഇതല്ലേ പറയാൻ ഉദ്ദേശിച്ചതെന്ന് ചോദിക്കുന്ന ശ്രീനി

ശ്രീനിവാസൻ എന്ന സുഹൃത്തും എഴുത്തുകാരനും ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇത്രയും നല്ല സിനിമകൾ ചെയ്യാനാകുമായിരുന്നില്ല. ആ സിനിമകളിൽനിന്ന് പഠിക്കുന്ന പാഠങ്ങൾ മറ്റു സിനിമകളിലും സഹായിച്ചിട്ടുണ്ട്. എഴുതാനായി ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം ഒന്നിച്ചിരിക്കുമ്പോൾ മനസ്സ് വായിക്കാൻ ശ്രീനിവാസന് സാധിക്കും. എന്തെങ്കിലും പറയാനൊരുങ്ങുമ്പോൾ ഇതല്ലേ പറയാൻ ഉദ്ദേശിച്ചതെന്ന് ശ്രീനിവാസൻ ചോദിക്കുമായിരുന്നു. ഞങ്ങൾ ഏതാണ്ട് ഒരേ സാഹചര്യത്തിൽ വളർന്നവരാണ്. 

Tags:    
News Summary - Sathyan Anthikad remembers actor Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.