കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജ കോളജിലെ മലയാളം അധ്യാപകൻ സി.ജി. നായർ കോളജ് ഡേയിൽ അവതരിപ്പിക്കാനൊരുക്കിയ നാടകത്തിലേക്ക് അഭിനേതാക്കളെ തേടിയപ്പോൾ പാട്യത്തുകാരൻ ശ്രീനിവാസനും തലകാണിക്കാനെത്തി. വിരൂപനായ നടനായി പ്രീഡിഗ്രിക്കാരൻ പയ്യൻ ഒന്ന് രണ്ടു രംഗങ്ങൾ അവതരിപ്പിച്ചപ്പോൾ നായർ സാറിന് നന്നേ ബോധിച്ചു. മട്ടന്നൂർ ആനന്ദ് ടാക്കീസിൽ ഇരുട്ടിന്റെ ആത്മാവും കണ്ണൂർ എക്സ്പ്രസും കുമാര സംഭവവും അടക്കം, കണ്ട സിനിമകൾതന്നെ വീണ്ടും വീണ്ടും കാണുന്ന ശിഷ്യനെ മാഷ് നേരത്തെയും ശ്രദ്ധിച്ചിരുന്നു.

അങ്ങനെയാണ് ‘വൈരൂപ്യങ്ങൾ’ നാടകത്തിൽ ശ്രീനിവാസൻ നായകനാവുന്നത്. കോളജ് ഡേയിലും കാലിക്കറ്റ് സർവകലാശാല എ സോൺ ഫെസ്റ്റിലും മികച്ച നടൻ; അരനൂറ്റാണ്ട് മലയാള സിനിമയെ ഇരുത്തിച്ചിരിപ്പിച്ച കലാകാരൻ അവിടെ ജനിച്ചു. വിരൂപനായി കൈയടികളോടെ അംഗീകരിക്കപ്പെട്ടാണ് താൻ നടനായതെന്ന് ശ്രീനിവാസൻ പറയുമ്പോൾ മലയാളി പുരുഷന്റെ അപക‍ർഷബോധത്തെ സിനിമയിൽ അവതരിപ്പിച്ച് വിജയിച്ച പ്രതിഭയുടെ തുടക്കമായത് മാറി. മികച്ച നടന്റെ വാർത്തയും പടവും പത്രങ്ങളിൽ അച്ചടിച്ചുവന്നു.

ആദ്യകാലത്ത് ശ്രീനിവാസന്റെ നാടകപ്രേമത്തെ എതിർത്തിരുന്ന സ്കൂൾ അധ്യാപകനും കൂത്തുപറമ്പ് പാട്യത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന അച്ഛൻ ഉച്ചംവെള്ളി ഉണ്ണി, ഇതിന് ശേഷമാണ് മകന്റെ കഴിവുകളെ അംഗീകരിച്ചുതുടങ്ങിയത്. ക്ലാസിലെ ഒരു ഇടവേളയിൽ ചരിത്രാധ്യാപകൻ അപ്പു നമ്പ്യാർ പറഞ്ഞ വാക്കിലാണ് ശ്രീനിവാസൻ തിരക്കഥാകൃത്താവുന്നത്. ഏറ്റവും ഇഷ്ടമുള്ള കാര്യം മനസ്സിലാക്കി ആ മേഖലയിൽ പ്രവർത്തിക്കണമെന്നും ഇഷ്ടമുള്ള ജോലി ചെയ്യുന്നതാണ് മനുഷ്യന് സന്തോഷമുള്ള കാര്യമെന്നും അപ്പു നമ്പ്യാർ പറഞ്ഞു. അന്ന് ആലോചിച്ചപ്പോൾ നാടകമാണ് ഭാവിയെന്ന് ശ്രീനി ഉറപ്പിച്ചു. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ അപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും അറിയപ്പെടുന്ന നാടകപ്രവർത്തകന്റെ കത്തു വേണമെന്ന ഉപാധി വില്ലനായി. തലശ്ശേരിയിൽ എത്തിയ നാടാകാചാര്യൻ എൻ.എൻ. പിള്ളയെ നാടക സ്റ്റേജിന്റെ ഗ്രീൻറൂമിൽ പോയി കണ്ടെങ്കിലും പരിചയമില്ലാത്തതിന്റെ പേരിൽ കത്ത് ലഭിച്ചില്ല. ഒടുവിലാണ് ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. പി. ഭാസ്കരനും രാമു കാര്യാട്ടുമൊക്കെയായിരുന്നു ഇന്റർവ്യൂ ചെയ്തത്.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അനുഭവവുമായാണ് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് എത്തിയത്. നടനായും തിരക്കഥാകൃത്തായും സംവിധായകനുമായി 48 ശ്രീനിവാസൻ വർഷങ്ങൾ. കലാസ്വാദനത്തിൽ മലയാളിയുടെ അഭിരുചികള്‍ മാറ്റിയ കലാകാരനാണ് അദ്ദേഹം. ആ മാറ്റം ഒരു കാലഘട്ടത്തിലും തടകെട്ടി തമ്പടിക്കാതെ തലമുറകളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. സൗഹൃദ സംഭാഷണങ്ങളിലും സാമൂഹിക വിമർശനത്തിനും ശ്രീനിവാസൻ ഫലിതങ്ങൾ അവർ ഏറ്റുപറഞ്ഞു. മലയാളത്തിൽ പാട്യത്തുകാരൻ ശ്രീനിവാസൻ വിത്തുപാകിയ ചിരി, പ്രതിക്രിയാവാദികളായ രാഷ്ട്രീയ ബുദ്ധിജീവികളെയും സംശയാലുവായ ഭർത്താവിനെയും കടന്ന് ഇന്നും പ്രയാണം തുടരുന്നു. 

Tags:    
News Summary - Best actor in Mattannur College, Malayalam too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.