തിരുവനന്തപുരം : ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ എ.എൻ. ഷംസീർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്നപരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്. പ്രതിപക്ഷം നിയമസഭയിൽ സാമാന്തര സഭ ചേർന്നത് അത്ഭുതപ്പെടുത്തി. മുതിർന്ന അംഗങ്ങൾ തന്നെ മുൻകൈ എടുത്ത് നടത്തിയ സാമാന്തര സഭ സമ്മേളനം ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകും. അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം: സ്പീക്കറുടെ റൂളിങ്ങിൽ അവ്യക്തത നിലനില്ക്കുകയും പ്രതിപക്ഷവുമായി ചര്‍ച്ചക്ക് പോലും തയാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമസഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസ് നല്കി ചര്‍ച്ച ആവശ്യപ്പെടാനുള്ള പ്രതിപക്ഷ അവകാശം സംരക്ഷിക്കുമെന്ന് റൂളിങ്ങിൽ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പഴയതുപോലെ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. അതിനാൽ നിലപാടിൽ വ്യക്തത വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കീഴ്വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴയതുപോലെ അടിയന്തരപ്രമേയം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാറിന്റെ നിർദേശപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്ന തരത്തിലുള്ള പ്രതിപക്ഷ ആക്ഷേപം ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് റൂളിങ്ങിൽ സ്പീക്കർ പറയുന്നുവെങ്കിലും ഇതിന് കടകവിരുദ്ധമായി പഴയതുപോലെ അടിയന്തരപ്രമേയം അനുവദിക്കാനാകില്ലെന്ന് സർവകക്ഷിയോഗത്തിൽ പറഞ്ഞത് മുഖ്യമന്ത്രിയാണ്. സര്‍ക്കാറിന് അപ്രിയമായ വിഷയങ്ങള്‍ അടിയന്തരപ്രമേയമായി തരില്ലെന്നത് അംഗീകരിക്കാനാകില്ല.
വാച്ച് ആന്‍ഡ് വാര്‍ഡും ഭരണകക്ഷി എം.എല്‍.എമാരും ഉണ്ടാക്കിയ പ്രശ്നത്തിന്റെ പേരില്‍ വാദി പ്രതിയാക്കപ്പെട്ട സാഹചര്യവും നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ചചെയ്യാനല്ല നിയമസഭയില്‍ വരുന്നത്. സ്പീക്കറോ മുഖ്യമന്ത്രിയോ അനുരഞ്ജനചര്‍ച്ചക്ക് വിളിച്ചാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. ചര്‍ച്ചക്ക് മുന്‍കൈയെടുക്കേണ്ട സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രശ്നം തീര്‍ക്കാന്‍ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.