പത്തനംതിട്ട: ശബരിമല സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെ ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് നടപടി. പത്മകുമാറിന് പകരമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനെ പുതിയ കൺവീനറായി ചുമതലപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വന്നെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. പത്മകുമാറിനെതിരെ കൂടുതൽ സംഘടനാപരമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നാളെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തെ, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പങ്കാളിത്തത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിനോട് വിശദീകരണം തേടിയിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം മറുപടിയിൽ അവകാശപ്പെട്ടത്.
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചപ്പോഴും, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴും പത്മകുമാർ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.