കൊല്ലം: കരുനാഗപ്പള്ളി കൊലക്കേസിൽ പ്രതിയായ അലുവ അതുലിനെ പിന്തുടർന്ന് വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ ദിവസങ്ങൾ നീണ്ട ആസൂത്രണമാണ് നടത്തിയെന്ന് പൊലീസ്.
പൊലീസ് സ്റ്റേഷനിൽനിന്ന് ഒപ്പിട്ട് മടങ്ങുമ്പോൾ അതുലിന്റെ വാഹനത്തിന് മുന്നിൽ മറ്റു രണ്ടു കാറുകൾ സഞ്ചരിച്ചിരുന്നു. അതുലിന്റെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുകയെന്നതായിരുന്നു ലക്ഷ്യം. കാറില്‍ യാത്ര ചെയ്തവരിൽ അതുലിനെ മാത്രം കൊലപ്പെടുത്തുകയെന്ന ഉദ്ദേശമായിരുന്നു പ്രതികൾക്ക്. കരുനാഗപ്പള്ളിയിൽ മുൻകൂട്ടി കണ്ടെത്തിയ സ്ഥലത്തെത്തിയപ്പോള്‍ അതുലിന്റെ കാറിന്റെ വശത്ത് ഇടിച്ചു. കാർ വശത്തെ കുഴിയിലേക്ക് വീണു. പിന്തുടർന്ന കാറിൽനിന്നുള്ള സംഘം ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏറെനാളായി പ്രതികൾ കൊലപാതകത്തിന് തയാറെടുപ്പുകൾ തുടങ്ങിയിട്ട്. ഇത് അതുൽ അറിഞ്ഞപ്പോൾ ഇൻസ്റ്റഗ്രം റീൽസ് വഴി അവരോട് പറയാനുള്ളത് പറയുകയായിരുന്നു. ഇതോടെ പ്രതികളുടെ പക ഇരട്ടിച്ചു. അതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസ് പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും ചെയ്തു. ആദ്യം പിടികൂടിയ രണ്ടുപേരിൽ നിന്നാണ് ബാക്കിയുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നാല് പ്രതികളെ മുണ്ടക്കയത്തിന് സമീപം മുരിക്കുംവയൽനിന്നും പിടികൂടുകയായിരുന്നു. രാത്രി വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം കാറിൽ കൊല്ലത്തുനിന്ന് കടന്നുകളഞ്ഞ ഇവർ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം. പ്രതികളെ പിന്തുടർന്ന പൊലീസ് കാഞ്ഞിരപ്പള്ളി എരുമേലി വഴി ഇരുപത്തിയാറാം മൈലിൽവെച്ച് തടയാൻ ശ്രമിച്ചെങ്കിലും പിടികൂടിനായില്ല. തുടർന്ന് മുണ്ടക്കയം ഭാഗത്തേക്ക് വന്നു. അവിടെനിന്ന് നാലു കിലോമീറ്റർ മാറി അമരാവതിയിൽനിന്ന് പുഞ്ചവയലിലേക്ക് കടക്കുകയും അവിടെ വെച്ച് കൊല്ലം-കോട്ടയം ജില്ലകളിലെ പൊലീസ് സംഘം മുരിക്കുംവയൽ ഗവ. സ്കൂളിന് സമീപത്തുനിന്ന് പിടികൂടികയായിരുന്നു. വാഹനം ഒഴിവാക്കി കടന്നുകളയാൻ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പേർ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും ഇവർ പ്രദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.