എം.എം. മണിയും എ.എൻ. ഷംസീറും ഔട്ട് ; ശൈലജക്ക് കൂടുമാറ്റം

തിരുവനന്തപുരം : 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.എം സ്ഥാനാർഥിപ്പട്ടികയിൽ സിറ്റിങ് എം.എൽ.എമാരായ എ.എൻ. ഷംസീർ, മുകേഷ്, എം.എം. മണി എന്നിവർക്ക് സീറ്റില്ല. 86 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം, ആദ്യഘട്ടമായി 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഞായറാഴ്ച പ്രഖ്യാപിച്ചു. തുടർച്ചയായി രണ്ടുതവണ നിയമസഭയിലെത്തിയ സ്പീക്കർ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. തലശ്ശേരിയിൽ കാരായി രാജനാണ് പാർട്ടി സ്ഥാനാർഥി. ഉടുമ്പൻചോലയിൽനിന്ന് രണ്ടുതവണ വിജയിച്ച എം.എം. മണിക്ക് പകരം മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ മത്സരിക്കും. കൊല്ലത്ത് മുകേഷിന് പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹനാണ് ജനവിധി തേടുക. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തില്ല; അദ്ദേഹം പ്രതിനിധീകരിച്ച തളിപ്പറമ്പിൽ നിന്നും അദ്ദേഹത്തിന്‍റെ ഭാര്യ പി.കെ. ശ്യാമളയാണ് ഇടതുപക്ഷ സ്ഥാനാർഥി.

മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ മട്ടന്നൂരിൽനിന്ന് മാറി പേരാവൂരിലാണ് മത്സരിക്കുന്നത്. ഇവിടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് പ്രധാന എതിരാളി. മട്ടന്നൂരിൽ വി.കെ. സനോജിനെയാണ് പാർട്ടി രംഗത്തിറക്കുന്നത്. പൊന്നാനിയിൽ പി. നന്ദകുമാറിന് പകരം എം.കെ. സക്കീറും, ആലത്തൂരിൽ കെ.ഡി. പ്രസന്നന് പകരം ടി.എം. ശശിയും മത്സരിക്കും.

സ്ഥാനാർഥിപ്പട്ടികയിൽ വലിയൊരു വിഭാഗം സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. അതേസമയം, യുവാക്കൾക്ക് അവസരം നൽകുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും, പ്രമുഖ യുവനേതാക്കളിൽ പലർക്കും ഇത്തവണ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിട്ടില്ല. പട്ടികയിൽ ആറുപേർ പാർട്ടി സ്വതന്ത്രരാണ്. ബാക്കി അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.

Tags:    
News Summary - Kerala Assembly Elections 2026: CPI(M) Overhauls Candidate List; Drops Key Sitting MLAs and Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.