തിരുവനന്തപുരം: വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകളടക്കമുള്ള സംഘത്തിനുനേരെ രാത്രിയുണ്ടായ പൊലീസ് ആക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലക്ക് പുറത്ത് ജോലിചെയ്യുന്ന എസ്.പി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം റേഞ്ച് ഐ.ജിക്ക് നിർദേശം നൽകി.
അന്വേഷണം സത്യസന്ധവും സുതാര്യവുമാകണം. അന്വേഷണ റിപ്പോർട്ട് നിയമപരമായി വിലയിരുത്തിയ ശേഷം ആരോപണത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് റേഞ്ച് ഐ.ജി ഒരു മാസത്തിനകം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എസ്.പിയുടെ അന്വേഷണ റിപ്പോർട്ടും ഒപ്പം സമർപ്പിക്കണം. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, നിലവിലെ മേൽവിലാസം എന്നിവ ഐ.ജിയുടെ റിപ്പോർട്ടിൽ വേണം. മാർച്ച് 14ന് രാവിലെ പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ ഐ.ജി നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നും കമീഷൻ നിർദേശിച്ചു. കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.