രാജേഷ്, ഭാര്യ ശാന്തിനി
https://www.madhyamam.com/kerala/local-news/kollam/death-of-elderly-mother-son-and-daughter-in-law-arrested-765736
ചവറ: തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകി (75)യുടെ കൊലപാതകത്തിൽ നിർണായക തെളിവായി അയൽക്കാരിക്ക് നാളുകൾക്കുമുമ്പേ ഇവർ എഴുതി നൽകിയ കത്ത്.
സ്വത്തിനുവേണ്ടി മകനും മരുമകളും അഞ്ചു മാസത്തോളമായി വീട്ടിൽ പൂട്ടിയിടിച്ച് പീഡിപ്പിക്കുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന എഴുത്ത് ദേവകി അയൽപക്കത്തെ സ്ത്രീയെ ഏൽപിച്ചിരുന്നു. താൻ ഏതുനിമിഷവും കൊല്ലപ്പെടാമെന്ന വിവരവും ഈ കത്തിലുണ്ടായിരുന്നു.
ഈ കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. പല കഥകൾ പറഞ്ഞ് അന്വേഷണം വഴിെതറ്റിക്കാൻ ശ്രമിക്കുമ്പോഴും പൊലീസിന് നിർണായക തെളിവായത് ഈ കത്തിനെ തുടർന്നുണ്ടായ സംശയങ്ങളാണ്. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കൊലപാതകം അടിവരയിടുന്നതായിരുന്നു.
തൂങ്ങിമരിച്ചെന്നായിരുന്നു മകൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, സ്ഥലം പരിശോധിച്ച ഫോറൻസിക് സംഘത്തിലെ ഡോ. ബൽറാം, ഡോ. ദീപു, ഡോ. വിശാൽ എന്നിവർക്ക് ഇതിനുള്ള തെളിവുകൾ ലഭിച്ചില്ല. ഫോറൻസിക് അസി. ഡോ. ദേവി വിജയെൻറ പരിശോധനകളും ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്നതല്ലായിരുന്നു.
പലതവണ പരസ്പര വിരുദ്ധമായ മൊഴികൾ പ്രതികൾ ആവർത്തിച്ചതോടെ പൊലീസ് ശാസ്ത്രീയ തെളിവുകൾ ഇവർക്ക് മുന്നിൽ വെച്ചു. ഇരുവരെയും മാറ്റി ചോദ്യം ചെയ്തതോടെ പിടിച്ചുനിൽക്കാനാകാതെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
വീട്ടിൽനിന്ന് രാത്രി പലവട്ടം നിലവിളി കേട്ടിരുന്നതായി അയൽവാസികൾ മൊഴിനൽകിയിട്ടുണ്ട്. ആരെങ്കിലും അന്വേഷിക്കാൻ ചെന്നാൽ നേരിടാൻ നായ്ക്കളെയും കാവൽ നിർത്തിയിരുന്നതായി അയൽക്കാർ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.