ഹരിപ്പാട്: ഏതോ കാലത്ത് സമ്മേളനം നടത്തിയ കാര്യംപോലും മറന്നുപോയവരെ ജനാധിപത്യ പാർട്ടി എന്നു വിളിക്കുന്നവർ കൃത്യമായ ഇടവേളകളിൽ സമ്മേളനം നടത്തണമെന്ന നിർബന്ധത്തോടെ പ്രവർത്തിക്കുകയും ജനാധിപത്യപരമായി അത് പൂർത്തിയാക്കുകയും ചെയ്യുന്ന സി.പി.എമ്മിനെ ജനാധിപത്യ പാർട്ടിയെന്ന് വിളിക്കാൻ മടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സി.പി.എം ആലപ്പുഴ ജില്ല സമ്മേളന സമാപനം ഹരിപ്പാട് സീതാറാം യെച്ചൂരി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിപ്പും സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി.
'എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും.' മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ, സ്വാഗതസംഘം ചെയർമാൻ ടി.കെ. ദേവകുമാർ, കൺവീനർ സി. പ്രസാദ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ എം. സത്യപാലൻ സ്വാഗതവും ട്രഷറർ സി. ശ്രീകുമാർ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.