അഗളി: അട്ടപ്പാടിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജൻ. അട്ടപ്പാടിയിലെ അഗളിയിൽ നടന്ന പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘മാധ്യമം’ വാർത്തയുടെയും തുടർന്ന് നിയമസഭ ഇടപെടലിന്റെയും തുടർച്ചയായാണ് മന്ത്രിയുടെ പ്രഖ്യാപനം. മൂന്നാറിൽ നിവേദിത പി. ഹരന്റെ നേതൃത്വത്തിൽ രൂപീകരിച്ചതുപോലെ സമാനയൊരു അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആർ. സുനിലിന്റെ അന്വേഷണ പരമ്പരകൾക്കൊടുവിൽ ‘മാധ്യമം’ മുന്നോട്ടുവെച്ച നിർദേശം. കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനില്ല. എന്നാൽ, അട്ടപ്പാടിയിൽ കേരളത്തിലെ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചും മണ്ണിന്റെ ഉടമകളായ ആദിവാസി സമൂഹത്തെ പറ്റിച്ചും ഏക്കർ കണക്കിന് ഭൂമി കൈയേറിയിട്ടുണ്ട്.
ആദിവാസി ഭൂമി സ്വന്തമാക്കിവെച്ചത് ഏറ്റവും വലിയ തമ്പുരാനാണെങ്കിലും അവന്റെ ഭൂമി തിരിച്ചു പിടിച്ച് ആദിവാസികൾ നൽകും. അതായിരിക്കും സർക്കാരിന്റെ നയം എന്ന് പറയാൻ ഒരു മടിയും റവന്യൂ വകുപ്പ് മന്ത്രിയെന്ന നിലയിൽ തനിക്കില്ല. വരും ദിവസം അത് അട്ടപ്പാടി കാണാൻ പോവുകയാണ്.
അട്ടപ്പാടിയിൽ വ്യാജരേഖ ചമച്ചും തെറ്റായ നടപടികളിലൂടെയും ഭൂമി നഷ്ടപ്പെട്ട വഞ്ചിതരായ ആദിവാസികൾക്ക് പരിഹാരം ഉണ്ടാക്കി കൊടുക്കുകയാണ് റവന്യുവകുപ്പിന്റെ ലക്ഷ്യം. പ്രത്യേക പാക്കേജിലൂടെ റവന്യൂ വകുപ്പ് ഈ താലൂക്കിലെ ഭൂപ്രശ്നത്തിൽ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടി താലൂക്കിൽ 115 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ ആറ് ആദിവാസി കുടുംബങ്ങൾക്ക് 13 ഏക്കർ ഭൂമിയുടെ പട്ടയവും വിതരണം ചെയ്തു. സംസ്ഥാനത്ത് രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസൃതമായി വേണ്ടത്ര രേഖകൾ ഇല്ലാതെ പട്ടയം അനുവദിക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് ഹൈകോടതിയുടെ നിശിത വിമർശനങ്ങൾ നിലനിൽക്കെയാണ് തിങ്കളാഴ്ച അട്ടപ്പാടിയിൽ പട്ടയമേള നടത്തിയത്.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ കുടുംബ ഭൂമി അടക്കം വ്യാജ രേഖ ഉണ്ടാക്കി തട്ടിയെടുത്ത വിവരം നേരത്തെ ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. തുടർന്ന്, കെ.കെ. രമ എം.എൽ.എ സബ്മിഷനിലൂടെ വിഷയം നിയമസഭയിൽ കൊണ്ടുവന്നതോടെയാണ് അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. അട്ടപ്പാടിയിൽ വ്യജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു രമ സഭയിൽ ആവശ്യപ്പെട്ടത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതികളിന്മേൽ അസി. ലാൻഡ് റവന്യൂ കമീഷറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. എന്നാൽ, 21 പരാതികൾ ലഭിച്ചെങ്കിലും നഞ്ചിയമ്മയുടെ പരാതിയിന്മേൽ മാത്രമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ചീരക്കടവ്, വെള്ളകുളം, വെച്ചപ്പതി തുടങ്ങിഅട്ടപ്പാടിയിലെ നിരവധി ആദിവാസി ഊരുകളിൽ ടി.എൽ.എ (ആദിവാസി ഭൂമി അന്യാധീനപ്പെട്ട) കേസുകളിലുള്ള ഭൂമി തട്ടിയെടുക്കുന്നുവെന്നായിരുന്നു ‘മാധ്യമം’ റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. വ്യാജ രേഖകൾ കോടതിയിൽ ഹാജരാക്കി കോടതി ഉത്തരവിന്റെ പിൻബലത്തിൽ പൊലീസ് സംരക്ഷയിലാണ് ഭൂമി തട്ടിയെടുത്തത്. അതിനിടെ, ആദിവാസിയായ ചന്ദ്രമോഹന്റെ 12 ഏക്കർ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച വാർത്ത നൽകിയതിന് ‘മാധ്യമ’ത്തിനെതിരെ അഗളി പൊലീസ് കേസെടുക്കുകയും ചെയ്തു. അഗളി വില്ലേജിലെ സർവേ 1275 ലും ഷോളയൂരിലെ 1819 ലും വ്യാപകമായ ഭൂമികയേറ്റം നടക്കുന്നുവെന്ന മറ്റൊരു അന്വേഷണ റിപ്പോർട്ടും ഇതിനുശേഷം പ്രസിദ്ധീകരിച്ചു. തുടർന്നാണ് കെ.കെ. രമ ഈ പ്രദേശങ്ങളിലെ ആദിവാസി മേഖലകൾ സന്ദർശിച്ചത്.
ആദിവാസികൾക്ക് 1999 മുതൽ 2023 വരെ 1932 പട്ടയങ്ങൾ നൽകിയെങ്കിലും ഭൂമി ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ട് വീണ്ടും വഴിത്തിരവായി. തുടർന്ന് നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി, ചീഫ് സേക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ മന്ത്രി അഗളിയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.