കെ.എസ്.ആർ.ടി.സി പ്രിയദർശിനി; ഏറെയും പഴയ ബസുകൾ, വൻതിരക്ക് ആശങ്കയാകുന്നു

പത്തനംതിട്ട: സ്ത്രീകൾക്ക് യാത്ര സൗജന്യമായ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ അനുഭവപ്പെടുന്നത് വൻതിരക്ക് ആശങ്കക്കിടയാകുന്നു. തിരക്കുമൂലം ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. സർവിസിന് ഉപയോഗിക്കുന്ന ബസുകൾ ഏറെയും കാലപ്പഴക്കമുള്ളതായതിനാൽ അപകട സാധ്യതയും കൂടുതലാണ്. ഓർഡിനറി സർവിസ് നടത്തിയിരുന്ന ബസുകളൊക്കെ പ്രിയദർശിനിയാക്കിയതല്ലാതെ കൂടുതൽ ബസുകളൊന്നും സർവിസിന് ഉപയോഗിക്കുന്നില്ല.

എല്ലാ സ്റ്റോപ്പിലും ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാൽ മുമ്പത്തെപോലെ കൃത്യസമയത്ത് സ്റ്റോപ്പിലെത്താൻ ബസിന് കഴിയാതെ വരുന്നു. കൂടാതെ ബസിന് വഹിക്കാവുന്നതിൽ രണ്ടിരട്ടി ആളുകളുമായാണ് ബസ് സർവിസ് നടത്തുന്നത്. ഇതോടെ ഈ ബസിനെ ആശ്രയിച്ച് മുമ്പ് കൃത്യമായി ജോലിക്കെത്തിയിരുന്നവർ ബസ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. രാവിലെ ജോലിക്കെത്തേണ്ടവർ തിരക്കാണെങ്കിലും പ്രിയദർശിനിയെ തന്നെ ആശ്രയിക്കുന്ന സ്ഥിതിയാണ്.

ജില്ലയിൽനിന്ന് കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് പ്രിയദർശിനി ബസ് സർവിസ് നടത്തുന്നുണ്ട്. കലക്ടറേറ്റിലും മറ്റ് സ്ഥാപനങ്ങളിലും പത്ത് മണിക്ക് എത്തേണ്ട സ്ഥിരം യാത്രക്കാരൊക്കെ ഏറെ വൈകിയാണ് എത്തുന്നത്. ഇതുകാരണം പഞ്ച് ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പരിതപിക്കുന്നു. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾകൂടി ഈ സമയത്ത് അനുവദിച്ചാൽ തിരക്ക് ഒരു പരിധി വരെ കുറക്കാനാകുമെങ്കിലും അത്തരത്തിലുള്ള ആലോചനകളൊന്നും നിലവിലില്ല.

വർധിച്ച തിരക്കുമൂലം പ്രിയദർശിനിയിൽ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരും വലയുകയാണ്. പ്രിയദർശിനിയിൽ കൂടുതലും വനിത കണ്ടക്ടർമാരാണ് ജോലി ചെയ്യുന്നത്. തിരക്കിനപ്പുറം, അപകടത്തിനുള്ള സാധ്യതയാണ് ജീവനക്കാരെ കൂടുതൽ ആശങ്കയിലാക്കുന്നത്. പല ബസുകളും കാലാവധി കഴിഞ്ഞിട്ടും അനുമതി വാങ്ങി ഓടുന്നതാണ്. വിനോദ സഞ്ചാരകേന്ദ്രമായ ഗവിയിലേക്കും മറ്റും സർവിസ് നടത്തുന്ന ബസുകൾപോലും നല്ല കണ്ടീഷനുള്ളതല്ല.

36 സീറ്റുള്ള കുഞ്ഞൻ ബസാണ് ഈ റൂട്ടിൽ ഓടുന്നത്. അമിത ഭാരം വഹിക്കാനാകാത്ത ഈ ബസുകളിൽ സൂചികുത്താൻ ഇടമില്ലാത്ത രീതിയിലാണ് ഇപ്പോൾ യാത്രക്കാർ. ഇടക്കിടെ വണ്ടി വനമേഖലയിലടക്കം വഴിയിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം കക്കി കാറ്റാടികുന്ന് ഭാഗത്ത് തകരാറിലായി യാത്ര തടസ്സപ്പെട്ട 36 സീറ്റുള്ള വണ്ടിയിൽ ഉണ്ടായിരുന്നത് 80 യാത്രക്കാരാണെന്ന് അറിയുമ്പോഴാണ് വനിതകൾക്ക് പ്രിയങ്കരമായ പ്രിയദർശിനിയുടെ യാത്രയെക്കുറിച്ച് ആശങ്ക ഉയരുന്നത്.

Tags:    
News Summary - കെ.എസ്.ആർ.ടി.സി പ്രിയദർശിനി; ഏറെയും പഴയ ബസുകൾ, വൻതിരക്ക് ആശങ്കയാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.