ഗീതാനന്ദൻ
കൽപറ്റ: വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ അബ്ദുസ്സലാം എന്ന മറ്റൊരു പൊലീസുകാരനെ വെട്ടിയ കേസിൽ എം. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദൻ അടക്കം നാലുപേർക്ക് അഞ്ചുവർഷം തടവുശിക്ഷ. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളുടെ സാമൂഹക പശ്ചാത്തലം പരിഗണിച്ച് പിഴ ശിക്ഷ ഒഴിവാക്കിയതായി കൽപറ്റ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സ്പെഷൽ കോടതി ജഡ്ജി അയ്യൂബ് ഖാൻ പത്തനാപുരം വിധിന്യായത്തിൽ പറഞ്ഞു.
ഈ കേസിൽ ബാക്കി 53 പേരെ വെറുതെ വിട്ടു. 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവരുന്നത്.
അതസേമയം, മുത്തങ്ങയിൽ സംഭവ ദിവസം കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഗീതാനന്ദൻ അടക്കമുള്ളവർക്കെതിരെ ഗൂഡാലോചന കേസ് നിലനിൽക്കില്ലെന്ന് വിധിന്യായത്തിൽ പറഞ്ഞു. കൊലപാതകം നടത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി കണ്ടെത്തി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. ഇതിൽ 15 പേര്‍ മരിച്ചു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് 2003 ജനുവരി അഞ്ചിനാണ് സി.കെ. ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്റെയും നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങുന്നത്. ഫെബ്രുവരി 19നാണ് സമരക്കാർക്കുനേരെ പൊലീസ് വെടിവെപ്പടക്കം ഉണ്ടായത്. സംഘർഷത്തിൽ പൊലീസുകാരൻ വിനോദിനൊപ്പം ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടിരുന്നു.
എന്നാൽ, ജോഗി കൊല്ലപ്പെട്ടത് സംബന്ധിച്ച് ക്രിമിനല്‍ കേസോ അന്വേഷണമോ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും നേരത്തേ ഇതിനായി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അംഗീകരിച്ചില്ലെന്നും ഗീതാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിലെ കേസിന്റെ വിധി വന്നതിനുശേഷം ജോഗിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തങ്ങയിൽ 47 ദിവസമായി തുടരുകയായിരുന്ന ഭൂസമരത്തിനിടെയായിരുന്നു പൊലീസ് നടപടി.
ഫെബ്രുവരി 17ന് ആദിവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടവിലാക്കി. ഇവരെ ഫെബ്രുവരി 18ന് കലക്ടറുടെ ഇടപെടലിലൂടെയാണ് മോചിപ്പിച്ചത്. മുത്തങ്ങ തകരപ്പാടിയിൽ 23 മുതൽ 57 വരെ പ്രതികൾ ഷെഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൗണ്ടൻവയലിൽ മരിച്ച ജോഗിയടക്കമുള്ളവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ആദിവാസികളുടെ തടവിലായ വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ ചെന്നൈ യൂനിറ്റുമാണ് അന്വേഷിച്ചത്.
ഹൈകോടതി ഉത്തരവിനെ തുടർന്നാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽനിന്ന് വയനാട് സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. നടപടികൾ അനന്തമായി നീണ്ടുപോകുന്നതിനിടയിൽ ജില്ല ജഡ്ജി അയ്യൂബ് ഖാൻ പത്തനാപുരത്തിന്റെ ഇടപെടലിലൂടെയാണ് നടപടികൾ വേഗത്തിലായത്. പ്രോസിക്യൂഷൻ വാദം ജൂലൈ 24നും പ്രതിഭാഗം വാദം പിറ്റേന്നുമാണ് പൂർത്തിയായത്.
മുത്തങ്ങ കേസിൽ പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫാണ് വാദം പൂർത്തിയാക്കിയത്. പൊലീസുകാരൻ വിനോദിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും തിരിച്ചറിയൽ പരേഡിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്നുമായിരുന്നു വാദം. എന്നാൽ, വിനോദ് കൊല്ലപ്പെട്ട കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദിന്റെ വാദം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍നിന്ന് 50 മീറ്ററിലധികം അകലെയായിരുന്നു.
തുടര്‍ച്ചയായ വെടിവെപ്പും ഗ്രനേഡ് സ്‌ഫോടനങ്ങൾ മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ല. ഈ കുടിൽ പൊലീസ് ബന്തവസ്സിൽ ഇരിക്കവേ സംഭവദിവസം രാത്രിയിൽ കത്തിനശിച്ചത് സംബന്ധിച്ചും വാദം നടന്നിരുന്നു. ഈ കുടിലിൽ രാത്രി ആദിവാസികളുടെ മൃതദേഹങ്ങൾ പൊലീസ് ചുട്ടെരിച്ചുവെന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണവും വാദത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.