നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനൊരുങ്ങുന്ന ആർപ്പൂക്കര ചുണ്ടൻ വള്ളം അവസാനഘട്ട മിനുക്കുപണിയിൽ

പുന്നമടയിൽ തീപടർത്താൻ ആർപ്പൂക്കര ചുണ്ടൻ

ഏറ്റുമാനൂർ: ആവേശത്തിരയിളക്കി ആലപ്പുഴ പുന്നമടയിൽ ആഗസ്റ്റ് 22ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ട്രോഫിയിൽ മുത്തമിടാൻ ആർപ്പൂക്കര ചുണ്ടൻ. ജലപ്പരപ്പുകളെ കീറിമുറിച്ച് വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ ചുണ്ടൻ സജ്ജമായി. ആഗസ്റ്റ് രണ്ടിന് ഉച്ചക്ക് 12.5നും 12.30ഇടയിൽ വള്ളത്തിന്റെ മുഖ്യശിൽപി സാബു നാരായണൻ ആചാരിയുടെ മേൽനോട്ടത്തിൽ പെണ്ണാർ തോട്ടിൽ ആർപ്പൂക്കര ചുണ്ടൻ നീരണിയും.

ജനങ്ങളും ഓഹരി ഉടമകളും ചേർന്ന് വാദ്യഘോഷങ്ങളുടെയും ചെറുവള്ളങ്ങളുടെയും അകമ്പടിയോടെ ജലഘോഷയാത്രയായി ചുണ്ടൻ മണിയാപറമ്പ് ചതുർവേണിയിൽ എത്തിച്ച് ഈ വർഷത്ത നെഹ്റു ട്രോഫി ജലമേളയിൽ കന്നിയങ്കത്തിൽ ആർപ്പൂക്കര ചുണ്ടൻ തുഴയുന്ന കുമരകം ഇമ്മാനുവൽബോട്ട് ക്ലബിലെ ചുണക്കുട്ടൻമാർക്ക് തുഴ കൈമാറും. തുടർന്ന് മണിയാപറമ്പ് തോട്ടിൽ ആദ്യ പരിശീലന തുഴച്ചിൽ. 2026ലെ നെഹ്റു ട്രോഫിയിൽ മുത്തമിടുകയാണ് എല്ലാവരുടെയും സ്വപ്നം.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ ആർപ്പൂക്കര ചുണ്ടൻ വള്ളസമിതിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ച വള്ളത്തിന്‍റെ മലർത്തൽ ചടങ്ങ് ആവേശമായിരുന്നു. കളിവള്ള നിർമാണത്തിലെ പ്രമുഖനായ എടത്വ കോവിൽമുക്ക് ഓടശേരിയിൽ സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലാണ് ചുണ്ടന്റെ നിർമാണം. 128 അടി നീളവും മധ്യഭാഗത്ത് 64 ഇഞ്ച് വീതിയുമുണ്ട്. 85 തുഴച്ചിൽക്കാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പെടെ 97 ആളുകളെ ഉൾക്കൊള്ളും.

തിടനാട്, കടപ്ലാമറ്റം, ചേർപ്പുങ്കൽ പ്രദേശങ്ങളിൽനിന്നാണ് വള്ളത്തിനുള്ള ആഞ്ഞിലിത്തടികൾ എത്തിച്ചത്‌. വങ്ക് പലകൾക്കുള്ള മരങ്ങൾ തൊടുപുഴ, മറ്റക്കര എന്നിവടങ്ങളിൽനിന്നും മണിക്കാലിനായുള്ള പുന്നമരം വീയ്യപുരത്തുനിന്നുമാണ് എത്തിച്ചത്. കരിപ്പൂത്തട്ട് കൈതപ്പാടം പാലത്തിന് സമീപമായിരുന്നു നിർമാണം. 550 കുടുംബങ്ങൾ ഓഹരി നൽകിയിട്ടുണ്ട്‌. മുഖ്യ രക്ഷാധികാരി കൂടിയായ മുൻ മന്ത്രി വി.എൻ. വാസവൻ ഒരു ലക്ഷം രൂപയും ഫ്രാൻസിസ് ജോർജ് എം.പിയും നാട്ടകം സുരേഷ് എം.എൽ.എയും അര ലക്ഷം രൂപയും വള്ളം നിർമാണത്തിന് സംഭാവന നൽകിയിരുന്നു.

ഡയറക്ടർ ബോർഡംഗങ്ങളായ ഫാ. ജെയിംസ് മുല്ലശേരി, അജയൻ തലോടിൽ, ബൈജു മാതിരമ്പുഴ, എൻ.കെ കുര്യൻ, സഞ്ജയ്‌ തമ്പി, സനൂപ് മണലേൽ, ചുണ്ടൻ വള്ള സമിതി പ്രസിഡന്റ്‌ ബിജു വെട്ടൂർ, സെക്രട്ടറി അരുൺ മോഹൻ, ചെയർമാൻ പി.ജെ ഫിലിപ്പ്, വൈസ് ചെയർമാൻ വിനേഷ് കുമാർ, രക്ഷാധികാരി അന്നമ്മ മാണി എന്നിവരാണ് നേതൃത്വം നൽകുന്നത്‌. നീരണിയൽ ചടങ്ങിനു ശേഷം നടക്കുന്ന സമ്മേളനത്തിൽ മന്ത്രി മോൻസ് ജോസഫ്, വി.എൻ വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എം.പി, നാട്ടകം സുരേഷ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 

Tags:    
News Summary - പുന്നമടയിൽ തീപടർത്താൻ ആർപ്പൂക്കര ചുണ്ടൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.